തിക്കോടി അടിപ്പാത സമരം; അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫിലിനെ സ്റ്റേഷനിൽ വെച്ച് പൊലീസ് മർദ്ദിച്ചു; കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സംഘർഷം
തിക്കോടി: തിക്കോടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കണം എന്നാവശ്യപ്പെടു നടന്ന സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫിലിൻ ഉൾപ്പടെയുള്ള സമരസമിതി പ്രവർത്തകർക്ക് നേരെ കൊയിലാണ്ടി സ്റ്റേഷനിൽ വെച്ച് പോലീസിൻ്റെ കയ്യേറ്റ ശ്രമം. പോലീസുമായുള്ള ചര്‍ച്ചയ്ക്കിടെ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയായിരുന്നു.
സ്‌റ്റേഷനിലെ കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ദുല്‍ഖിഫിലിനെ പുറത്തേക്ക് വലിച്ചു. പിന്നാലെ ദുല്‍ഖിഫില്‍ നിലത്ത് വീണു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് ഏറെ നേരം പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും നടന്നു. മുസ്ലിം ലീഗ് നേതാവ് ടി.ടി. ഇസ്മായിൽ ഉൾപ്പടെയുള്ള യു.ഡി.എഫ് നേതാക്കളുടെ സാനിധ്യത്തിലാണ് പോലീസ് പ്രവർത്തകരെ കയ്യേറ്റ് ചെയ്തത്.
തുടർന്ന് പ്രവർത്തകരെ പോലീസ് തള്ളി സ്റ്റേഷന് വെളിയിലാക്കി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഡി.സി.സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെക്ക് എത്തുന്നതായാണ് പ്രവർത്തകർ പറയുന്നത്.
ഇന്ന് രാവിലെ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമരം ചെയ്തവര്‍ക്കുനേരെയുള്ള പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്.
സമരം ആരംഭിക്കുന്നതിന് മുമ്പേ തന്നെ രണ്ട് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ പയ്യോളി വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരടക്കം സ്ഥലത്ത് നാനൂറോളം പൊലീസുകാരെ തിക്കോടിയിലെ സമരപ്പന്തലിന് സമീപം നിലയുറപ്പിച്ചിരുന്നു. സമരസമിതി പ്രവര്‍ത്തകര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു.
ജെ.സി.ബി ഉപയോഗിച്ച് പ്രവൃത്തി തുടങ്ങാന്‍ നേരത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കിയതിന് പിന്നാലെ പൊലീസ് നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് തിക്കോടി ടൗണിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.
Summary: Thikodi adippatha Samaram; The arrested District Panchayat member VP Dulkhifil was beaten by the police at the station; Clash at Koyilandi Police Station