മീന്‍ പിടിക്കാന്‍ കടലില്‍ പോയപ്പോള്‍ കണ്ടത് വലയില്‍ കുരുങ്ങി നീന്താന്‍ പാടുപെടുന്ന കടലാമകളെ, രണ്ടാമതൊന്ന് ആലോചിക്കാതെ വല മുറിച്ച് യുവാക്കള്‍; സഹജീവികളുടെ ജീവന്‍ രക്ഷിച്ച തിക്കോടിയിലെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം (രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം)


തിക്കോടി: നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ. മീന്‍ പിടിക്കാനായി കടലില്‍ വലയെറിഞ്ഞ ശേഷം വഞ്ചിയില്‍ കാത്തിരിക്കുകയായിരുന്നു ആ യുവാക്കള്‍. പെട്ടെന്നാണ് വഞ്ചിയുടെ അടുത്തായി കടലില്‍ ഒരനക്കം.

തിക്കോടി സ്വദേശിയായ തൈവളപ്പില്‍ ഷംസീര്‍, കോടിക്കല്‍ സ്വദേശിയായ വിനീഷ് സ്രാമ്പിക്കല്‍ എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാനായി കടലില്‍ പോയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഏതോ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഉപേക്ഷിച്ച വലയില്‍ കുടുങ്ങിയ രണ്ട് കടലാമകളെയാണ് ഷംസീറും വിനീഷും കണ്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഇരുവരും മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. മീന്‍ പിടിക്കാന്‍ വല വിരിച്ച് കാത്തിരിക്കുമ്പോഴാണ് വലയില്‍ കുരുങ്ങി നീന്താന്‍ വിഷമിക്കുന്ന അവശരായ രണ്ട് കടലാമകളെ അവര്‍ കണ്ടത്.

കടലാമകളെ സംരക്ഷിക്കുന്നതില്‍ പേരുകേട്ട കൊളാവിപ്പാത്തിന് അടുത്ത പ്രദേശത്തു നിന്നുള്ള ഷംസീറിനും വിനീഷിനും ഇത് കണ്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. കടലാമകളെ രക്ഷിക്കണം എന്നുറപ്പിച്ച അവര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വല മുറിച്ചാണ് ഇരുവരും ആമകളെ രക്ഷിച്ചത്. എന്നാല്‍ പറയുന്നത്ര എളുപ്പമായിരുന്നില്ല അത് എന്ന് ഷംസീര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

‘ഞങ്ങള്‍ പോയത് ചെറിയ തോണിയിലായിരുന്നു. അതിലിരുന്നാണ് ഒരു വലയില്‍ കുടുങ്ങിയ രണ്ട് ആമകളെ രക്ഷിക്കാന്‍ നോക്കുന്നത്. ഒരെണ്ണത്തെ പിടിച്ച് അത് കുരുങ്ങിയ വലക്കണ്ണികള്‍ മുറിക്കാന്‍ നോക്കുമ്പോള്‍ മറ്റേ ആമ നീന്താന്‍ നോക്കും. അപ്പൊ വല മുറിക്കാന്‍ പറ്റില്ല. അങ്ങനെ കുറച്ച് കഷ്ടപ്പെട്ട് ഏകദേശം അരമുക്കാല്‍ മണിക്കൂറോളം സമയമെടുത്താണ് വല മുറിച്ച് രണ്ട് ആമകളെയും രക്ഷിച്ചത്.’ -ഷംസീര്‍ പറഞ്ഞു.

‘കുറേ ദിവസമായി ആമകള്‍ വലയില്‍ കുരുങ്ങിയിട്ട് എന്നാണ് കണ്ടപ്പോള്‍ തോന്നിയത്. അവ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. വലയ്ക്ക് പുറമെ കയറും ചൂണ്ടയുമെല്ലാം ഉണ്ടായിരുന്നു. വലയില്‍ കുരുങ്ങിയെങ്കിലും ഭാഗ്യത്തിന് ആമകള്‍ക്ക് മുറിവൊന്നും ഉണ്ടായിരുന്നില്ല. വല മുറുകിയിരുന്നതിന്റെ പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.’ -ഷംസീര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മീന്‍പിടിത്തവും രക്ഷാപ്രവര്‍ത്തനവുമെല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുവരും തിരികെ കരയിലെത്തിയത്. തിരികെയെത്തിയപ്പോഴാണ് ആമകളെ രക്ഷിച്ച സംഭവം എല്ലാവരും അറിയുന്നത്. സഹജീവികള്‍ക്ക് പുതുജന്മം നല്‍കിയ ഇരുവരെയും നിരവധി പേരാണ് അഭിനന്ദിച്ചത്.

കേരള ഫിഷറീസ് വകുപ്പിന് കീഴിലെ സീ റെസ്‌ക്യൂ സേനയിലെ അംഗങ്ങളാണ് വിനീഷും ഷംസീറും. ആമ പരിപാലനത്തെ കുറിച്ചുള്ള പരിശീലനം ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേടിയര്‍ കൂടിയാണ് ഇവര്‍.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം യുവാക്കള്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

വീഡിയോ കാണാം:

Summary: Thikkodi native fishermen rescued sea turtles trapped in fishing nets. Watch rescue video.