അവർക്ക് ആശ്വസിക്കാം; പാക്ക് പൗരത്വമുള്ള വടകര കൊയിലാണ്ടി സ്വദേശികളായ മൂന്നു പേർ ഉടൻ രാജ്യം വിടണമെന്ന നോട്ടീസ് പിൻവലിച്ച് പോലീസ്
വടകര: പാകിസ്ഥാൻ പൗരത്വം ഉള്ളവർക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു വടകര, കൊയിലാണ്ടി സ്വദേശികൾക്ക് നൽകിയ നോട്ടീസ് പോലീസ് പിൻവലിച്ചു. സർക്കാർ തലത്തിൽ ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. വടകര വൈക്കിലശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ, കൊയിലാണ്ടി സ്വദേശി ഹംസ എന്നിവർക്കായിരുന്നു രാജ്യം വിടാൻ പോലീസ് നോട്ടീസ് നൽകിയിരുന്നത്.
മൂന്നുപേരും ലോങ് ടേം വിസയ്ക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന വടകര സ്വദേശികളുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയില്‍ എത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024-ല്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും നാടുവിടാനുള്ള നിര്‍ദ്ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വടകര സ്വദേശികളായ ഖമറുന്നീസ, അസ്മ എന്നിവർക്കും കൊയിലാണ്ടി സ്വദേശി ഹംസയ്ക്കും നോട്ടിസ് നൽകിയത്. എപ്രിൽ 27 നകം രാജ്യം വിട്ടില്ലയെങ്കിൽ നിയമ നടപടികളിലേക്ക് പോലീസിന് നീങ്ങേണ്ടി വരും എന്നായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്.

പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികളുടെ ഭാഗമായി ഇന്ത്യയിലെത്താനായി പാക് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കിയിരിക്കുകയാണ്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകളും റദ്ദാക്കി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 ന് തന്നെ രാജ്യം വിടണമെന്നായിരുന്നു നിർദ്ദേശം.
Summary: They can rest assured; Police withdraw notice to three Pakistani nationals from Vadakara Koyilandy to leave the country immediately