ജ്വല്ലറികളിൽ തിരക്ക് കൂടും; തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുത്തനെ കുറഞ്ഞു


തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 56,320 രൂപയായി. ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 7040 രൂപയിലെത്തി.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 880 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് ആഭരണ പ്രേമികളെ സംബന്ധിച്ച് ആശ്വാസകരമാണ്. അന്താരാഷ്ട്ര സ്വർണ്ണവിലയിലെ ഇടിവാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. യുഎസിലെ ജിഡിപി പ്രതീക്ഷിച്ചതിലും ഉയര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 94 രൂപയാണ്.