വിവാഹമോചക്കേസില്‍ അനുകൂല വിധിയുണ്ടായില്ല; ഹൈക്കോടതിയ്ക്ക് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്


കൊച്ചി: വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം. ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയാണ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

മുകള്‍നിലയില്‍ ആളെ കണ്ട സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഉടപെടലാണ് വിനു ആന്റണിയുടെ ജീവന്‍ രക്ഷിച്ചത്. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. നിലവില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

ബുധനാഴ്ച രാവിലെയാണ് ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച വിനു ആന്റണിയുടെ അപ്പീലായിരുന്നു കോടതി പരിഗണിച്ചിരുന്നത്. നേരത്തേ ഇയാള്‍ക്ക് കുടുംബ കോടതിയില്‍നിന്നും വിവാഹമോചനം ലഭിച്ചിരുന്നു.

എന്നാല്‍, മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അനുകൂല വിധിയുണ്ടാകാത്തതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് വിവരം.

മുന്‍പും ഹൈക്കോടതില്‍ ഇത്തരം ആത്മഹത്യ ശ്രമങ്ങളുണ്ടായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)