‘ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണം’; വടകര എം.എൽ.എ കെ.കെ.രമ വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ചു


വടകര: കെ.കെ.രമ എം.എൽ.എ യുടെ നേതൃത്വത്തിൽ ആർ.എം.പി.ഐ നേതാക്കൾ വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖല സന്ദർശിച്ചു. ഉരുൾപൊട്ടലിൽ പെട്ട് വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ ഇടപെടണമെന്ന് ആർ.എം.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ബഹുഭൂരിപക്ഷത്തിൻ്റെയും വീടുകൾ മലവെള്ളപ്പാച്ചിലിൽ നഷ്ടമായിട്ടുണ്ട്.

കടകളുൾപ്പെടെ ജീവനോപാധികൾ നഷ്ടപ്പെട്ടവരും നിരവധിയാണ്. തൊഴിൽ ചെയ്യാനാകാത്ത വിധം പരിക്കേറ്റവരുമുണ്ട്. ഇവരെയെല്ലാം ചേർത്തുപിടിക്കാനും സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനും കഴിയുന്ന വിധത്തിലുള്ള വിശദമായ കർമ്മ പദ്ധതിക്ക് സർക്കാർ രൂപം നൽകണം. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്കു മാറ്റി പാർപ്പിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്കും രൂപം നൽകേണ്ടതുണ്ട്.

പ്രകൃതിദുരന്ത സാധ്യത വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ജാഗ്രതയോടുകൂടിയ സമീപനം ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നും ആർ.എം.പി.ഐ നേതാക്കൾ പറഞ്ഞു. കെ.കെ.രമ എം.എൽ.എ യോടൊപ്പം ആർ.എം.പി.ഐ സംസ്ഥാന സിക്രട്ടറി എൻ. വേണു, ജില്ലാ സിക്രട്ടറി രാമകൃഷ്ണൻ തുടങ്ങിയവരും ദുരിതാശ്വാസ കേമ്പുകളിലുള്ളവരെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു.