വേണം വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കാൽനട യാത്രക്കാർക്കായി ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ്



വടകര : തിരക്കേറിയ വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഫൂട് ഓവർബ്രിഡ്ജ് വേണം. സ്റ്റാൻ‍ഡ് പരിസരത്ത് എപ്പോഴും ​ഗതാ​ഗതം തടസമുണ്ടാകുന്നുണ്ട്. തുടർച്ചയായി കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനാൽ ഈ സമയം വാഹനങ്ങൾ പതുക്കെയാണ് പോവുക. ഇതാണ് ഇവിടെ ​ഗതാ​ഗത തടസമുണ്ടാകാൻ പ്രധാന കാരണം.

ക്യൂൻസ് റോഡ്, വനിതാ റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽനിന്നെല്ലാം നടന്നുവരുന്നവർ പഴയ സ്റ്റാൻഡ് കവാടത്തിന് സമീപത്തെ സീബ്രാലൈൻ വഴിയാണ് സ്റ്റാൻഡിലേക്ക് കടക്കുക. റെയിൽവേ സ്റ്റേഷനിലേക്കും കുലചന്തയിലേക്കും സമീപത്തെ സിനിമാ തിയേറ്ററിലേക്കും ഇത് വഴി ആളുകൾ പോകുന്നുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പടെ നൂറ് കണക്കിന് ആളുകളാണ് ഒരു ദിവസം ഇവിടെ നിന്ന് റോഡ് മുറിച്ച് കടക്കുന്നത്.

രാവിലെയും വൈകീട്ട് 3 മണിക്ക് ശേഷവുമാണ് ​ഗതാ​ഗത തടസം രൂക്ഷം. സീബ്രാ ലൈനിന്റെ ഒരറ്റത്താണ് ഓട്ടോറിക്ഷ സ്റ്റാൻഡ്. ഇവിടെ നിന്നും ആളെക്കയറ്റുന്ന ഓട്ടോകൾ എടോടി ഭാഗത്തേക്കാണ് പോകുന്നതെങ്കിൽ സീബ്രാവരയിൽക്കൂടി വേണം വളച്ചെടുക്കാൻ. ഇത് കാൽനടയാത്രക്കാർക്കുൾപ്പെടെ ബുദ്ധിമുട്ടാണ്.

റോഡ് മുറിച്ചുകടക്കാൻ ഫൂട്ട് ഓവർ ബ്രിഡ്ജ് വന്നാൽ ഇതിന് പരിഹാരമാകുമെന്നാണ് മോട്ടോർ വാഹന സംഘടനകളും സ്റ്റാൻഡ് പരിസത്തെ കച്ചവടക്കാരും പറയുന്നത്. മഴക്കാലം കൂടി എത്തിയതോടെ ഫൂട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്.