തെക്കെയില്‍ത്താഴെ- എളേടത്തുതാഴെ തോട്ടിലെ തുറന്നുവിട്ട ബണ്ടടയ്ക്കാന്‍ നടപടിയായില്ല; അഞ്ചേക്കറോളം വരുന്ന പുഞ്ചക്കൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങി, സമരത്തിനൊരുങ്ങി കര്‍ഷകരും നാട്ടുകാരും


നടുവണ്ണൂര്‍: ബണ്ടിന്റെ ഷട്ടര്‍ തുറന്നതോടെ കൃഷിയ്ക്ക് വെള്ളമില്ലാതായതായി പരാതി. നടുവണ്ണൂര്‍ തെക്കെയില്‍ത്താഴെ പാടശേഖരത്തിലേക്കും ജലപദ്ധതിയുടെ കിണറുകളിലേക്കും വെള്ളമെത്തുന്ന തെക്കെയില്‍ത്താഴെ- എളേടത്തുതാഴെ തോട്ടിലെ തുറന്നുവിട്ട ബണ്ടടയ്ക്കാന്‍ നടപടി സ്വീകരിയ്ക്കാത്തതാണ് കര്‍ഷകര്‍ക്ക് ദുരിതമാവുന്നത്. ഇതേത്തുടര്‍ന്ന് കുടിവെള്ളമില്ലാതെ വലഞ്ഞ ഗുണഭോക്താക്കളും കൃഷിചെയ്യാന്‍ വിഷമിക്കുന്ന കര്‍ഷകരും സമരത്തിനൊരുങ്ങുകയാണ്.

ഈന്തോലച്ചന്‍കണ്ടി, കിഴിക്കോട്ട് കോളനി, തെക്കെയില്‍ പാടശേഖരത്തില്‍ പുഞ്ചക്കൃഷി നടത്തുന്ന കര്‍ഷകരാണ് നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തോഫിസിലേക്ക് ചൊവ്വാഴ്ച രാവിലെ പത്തിന് മാര്‍ച്ച് നടത്താനൊരുങ്ങുന്നത്. സമരത്തിന്റെ നോട്ടീസ് ഗ്രാമപ്പഞ്ചായത്തിലും ബാലുശ്ശേരി പോലീസ് സ്റ്റേഷനിലും സമരസമിതി നല്‍കി.

തോട്ടില്‍ വെള്ളമില്ലാതായതോടെ തരിശുകൃഷി നടത്തുന്ന തെക്കെയില്‍ത്താഴെ പാടശേഖരത്തിലെ അഞ്ചേക്കറോളം വരുന്ന പുഞ്ചക്കൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങി. പാടശേഖരത്തിലൂടെ ഒഴുകുന്ന തെക്കെയില്‍ത്താഴെ-എളേടത്തുതാഴെ തോട്ടിലെ വെള്ളമാണ്, എളേടത്തുതാഴെയുള്ള ബണ്ടിന്റെ ഷട്ടര്‍ നാലുദിവസംമുമ്പ് അര്‍ധരാത്രിക്കുശേഷം തുറന്നുവിടുകയായിരുന്നു.

ബണ്ട് തുറന്നുവിട്ടതോടെ തോട്ടില്‍വെള്ളം താഴുകയും വയലില്‍ വെള്ളംലഭിക്കാതെയുമായി. പട്ടാമ്പി ഗവേഷണകേന്ദ്രത്തില്‍ നിന്നെത്തിച്ച് ഇറക്കിയ കൃഷിയാണ് വരണ്ടുണങ്ങുന്നത്. കൃഷിക്കാര്‍ ചേര്‍ന്ന് നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍, ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും ഷട്ടര്‍ അടച്ചിരുന്നില്ല.

തോട്ടില്‍ വെള്ളംതാഴ്ന്നതോടെ രണ്ടുജലപദ്ധതിയിലെ കിണറുകളിലും സമീപത്തെ കിണറുകളിലും മറ്റു ജലാശയങ്ങളിലെയും വെള്ളം താഴ്ന്നു. കിഴിക്കോട്ടുമീത്തല്‍, ഈന്തോലച്ചന്‍കണ്ടി എന്നീ കോളനികളാണ് ജലക്ഷാമത്തിന്റെ പിടിയിലായത്.