വനംവകുപ്പിന്റെ തടസമില്ല, സര്‍ക്കാറിന് വലിയ സാമ്പത്തിക ലാഭവും കിട്ടും; മുള്ളന്‍കുന്ന്-പെരുവണ്ണാമൂഴി മലയോര ഹൈവേ നിര്‍മ്മാണത്തിന് പുതിയ റൂട്ട് നിര്‍ദേശിച്ച് നാട്ടുകാര്‍


ചക്കിട്ടപാറ: നിര്‍ദിഷ്ട മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലെ അലൈന്‍മെന്റില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുള്ളന്‍കുന്ന്- നിന്നും ഒറ്റക്കണ്ടം വഴി പെരുവണ്ണാമൂഴിയിലേക്കുള്ള മലയോര ഹൈവേയുടെ നിര്‍മാണത്തിന് പകരം പുതിയ റൂട്ട് കാട്ടി നാട്ടുകാര്‍ രംഗത്ത്. മുള്ളന്‍കുന്ന് – പെരുവണ്ണാമൂഴി അലൈന്‍മെന്റിനായി രണ്ട് പ്രദേശങ്ങളിലെ നാട്ടുകാര്‍ റോഡിനായി വാദിക്കുകയും ഇത് സംബന്ധിച്ച പരാതി ഹൈക്കോടതിയിലെത്തി നില്‍ക്കുന്ന അവസ്ഥയിലുമാണ് വന്‍ സാമ്പത്തിക ലാഭം സര്‍ക്കാരിന് ലഭിക്കുമെന്ന അഭിപ്രായമുയര്‍ത്തി മൂന്നാമത്തെ റൂട്ട് കാണിച്ച് നാട്ടുകാര്‍ രംഗത്ത് വന്നത്.

മുള്ളന്‍കുന്ന്-ചെമ്പനോട-താമരമുക്ക്-പന്നിക്കോട്ടൂര്‍- കൂവപ്പൊയില്‍ വഴി പെരുവണ്ണാമൂഴിയിലേക്ക് മലയോര ഹൈവേ നിര്‍മിക്കാമെന്നും നിലവിലുള്ള റൂട്ടിനെ അപേക്ഷിച്ച് പാലവും റോഡും അടക്കമുള്ള നിര്‍മാണത്തിന് ചെലവ് കുറവാണെന്നുമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. മാത്രമല്ല ഈ റൂട്ടിലുള്ള തിമിരി പുഴയ്ക്കുള്ള പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നേരത്തേ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായും പറയുന്നു. ഈ റോഡ് ഉപയോഗിച്ചു വരുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ രണ്ട്, ഒന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ മൂന്നൂറിലധികം കുടുംബങ്ങള്‍ക്കും ഉപകാരപ്രദമാകുമെന്നുമാണ് ഇവര്‍ അഭിപ്രായം ഉയര്‍ത്തുന്നത്. ഇതുവഴി റോഡ് നിര്‍മാണത്തിനായി വനംവകുപ്പിന്റെ തടസമില്ലെന്നുമാണ് നാട്ടുകാരുടെ വാദം.

മലയോര ഹൈവേ നിര്‍മാണത്തിനായി ചെമ്പനോട നിന്നും വനമേഖലയിലൂടെ പെരുവണ്ണാമൂഴിയിലേക്കായിരുന്നു പ്രാരംഭ ഘട്ടത്തില്‍ റോഡിന്റെ അലൈന്‍മെന്റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനിടയില്‍ വനമേഖല വരുന്നതിനാല്‍ അനുമതി ലഭിക്കാന്‍ പ്രയാസമാണെന്ന നിഗമനത്തില്‍ പിന്നീട് അലൈന്‍മെന്റില്‍ മാറ്റം വരുത്തുകയായിരുന്നു. മുള്ളന്‍കുന്നില്‍ നിന്നും ചവറംമൂഴി, ഒറ്റക്കണ്ടം, പന്തിരിക്കര വഴി പെരുവണ്ണാമൂഴിയിലേക്കുള്ള പാതയാണ് കെ.ആര്‍.എഫ്.ബിയുടെ പരിഗണനയിലുള്ളത്. ഇതിനിടയില്‍ കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ ഒരു പാലവും നിര്‍മ്മിക്കണം.