പെരുവണ്ണാമൂഴി സപ്പോര്‍ട്ട് ഡാം നിര്‍മാണം; അണക്കെട്ടിനു മുകളില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങള്‍ കാണാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണമെന്ന ആശങ്കയില്‍ സന്ദര്‍ശകര്‍


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ സന്ദര്‍ശകര്‍ക്ക് അണക്കെട്ടിന് മുകളില്‍ കയറി കാഴ്ച്ചകള്‍ കാണുന്നതിനുള്ള വിലക്ക് തുടരുന്നു. സപ്പോര്‍ട്ട് ഡാം നിര്‍മാണം കാരണമായിരുന്നു അണക്കെട്ടിന്റെ മുകളില്‍ കയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മഴയ്ക്ക് മുന്‍പെ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിട്ടും മുകളിലേക്ക് പ്രവേശനം പുനരാരംഭിച്ചിട്ടില്ല.

മുകളില്‍ കയറിയാല്‍ മാത്രമേ റിസര്‍വോയറുള്‍പ്പെടെ മുഴുവന്‍ ദൃശ്യഭംഗിയും ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നിലവില്‍ അണക്കെട്ടിന്റെ മുന്‍ഭാഗത്തുള്ള കാഴ്ചകള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്നുള്ളു.

ഡാമിന്റെ ഇടതുവശത്ത് സപ്പോര്‍ട്ട് ഡാമിന് കുഴിയെടുത്തപ്പോള്‍ ഡാമിന് ഇടതുവശത്തെ വഴിയടക്കം ഇടിഞ്ഞുതാഴ്ന്നിരുന്നു.ഇതിലേ മുകളിലേക്കു പോകുേേമ്പാള്‍ തെന്നിവീഴാന്‍ സാധ്യതയുള്ളതിനാലാണ് പ്രവേശനം വിലക്കിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

എന്നാല്‍, ബോട്ടിങ്ങിനു പോകുന്നവര്‍ക്ക് ഡാമിന്റെ റിസര്‍വോയറിന്റെ മുഴുവന്‍ ഭാഗവും കാണാന്‍ കഴിയുകയും ചെയ്യും. മറ്റൊരു വഴിയിലൂടെയാണ് അവരെ വിടുന്നത്. അണക്കെട്ടിന് മുകളിലേക്ക് സന്ദര്‍ശകരെ കയറ്റുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ ഉണ്ടാവണമെന്നാണ് സന്ദര്‍ഷകരുടെ ആവശ്യം.

summery: there is a strong demand that visitors should be transported to the top of the peruvannamuzhi dam