ന്യൂനമർദ്ദപാത്തി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നു ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14ന് കണ്ണൂർ ജില്ലയിലും 15ന് കാസർകോട് ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.