കാവിലുംപാറയില്‍ നാട്ടിലിറങ്ങി കാട്ടാനകൂട്ടം; കൃഷിയിടങ്ങള്‍ നശിപ്പിച്ചു, പ്രദേശവാസികള്‍ ആശങ്കയില്‍


തൊട്ടില്‍പാലം: കാവിലുംപാറ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കാട്ടാനകൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി പരാതി. മുറ്റത്ത പ്ലാവ്, പുല്‍പാറങ്ങളില്‍ എത്തിയ കാട്ടാനകൂട്ടം നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു .കണ്ണം ചിറ ജോയി, ഇല്ലിക്കല്‍ ജോസഫ്, വടകര സാജു, ഷിബു പൊന്നാറ്റില്‍ എന്നിവരുടെ തെങ്ങ്, കവുങ്ങ്, ജാതി, ഗ്രാമ്പു, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.

ജോയിയുടെ തോട്ടത്തിലെ നാല്‍പതോളം ഗ്രാമ്പുമരങ്ങളും, അന്‍പത് വാഴകളും, ഇരുപത്തി അഞ്ച് കവുങ്ങും ആണ് തകര്‍ത്തത്. നാല് മാസമായി കാട്ടാനകൂട്ടം പ്രദേശത്ത് വിഹാരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

കാര്‍ഷിക മേഖല തകരുമ്പോള്‍ വന്യമൃഗങ്ങളുടെ ആക്രമണം കൂടെ കൃഷിക്കാരെ ആശങ്കപ്പെടുത്തുകയാണെന്നും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ആക്രമണം കാരണം ഉണ്ടായതെന്നും കൃഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അഭിപ്രയപ്പെട്ടു.