കടിയങ്ങാട്- പെരുവണ്ണാമൂഴി പാതയില്‍ കുടിവെള്ളപൈപ്പ് പൊട്ടി റോഡില്‍ വന്‍ ഗര്‍ത്തം; യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി പരാതി


കടിയങ്ങാട്: കടിയങ്ങാട് കുടിവെള്ള വിതരണത്തിന്റെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കടിയങ്ങാട് പെരുവണ്ണാമൂഴി പാതയില്‍ കടിയങ്ങാട് എല്‍.പി.സ്‌കൂള്‍ റോഡ് കവാടത്തിലാണ് പൈപ്പ് പൊട്ടി ഗര്‍ത്തം ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ യാത്ര ചെയ്യുന്ന ഇവിടെ വേണ്ടത്ര സുരക്ഷാവേലിയോ അപായ സൂചക ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നു.

തെരുവ് വിളക്കുകള്‍ ഇല്ലാത്തതില്‍ കാല്‍നടയാത്രക്കാര്‍ പോലും വളരെ ഭയന്നാണ് ഈ വഴി സഞ്ചരിക്കുന്നത്. പഴകി ദ്രവിച്ച പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് ജല ചോര്‍ച്ച തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മേഖലയില്‍ നിരവധി സ്ഥലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതായും റേഡ് തകരുന്നതായും പരാതി ഉയര്‍ന്നുണ്ട്.