റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ; പന്തിരിക്കരയിലെ വിവിധ ഭാഗങ്ങളില്‍ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി, കുടിവെള്ളം പാഴാവുന്നതോടൊപ്പം റോഡ് തകരുന്നതായും പരാതി


പെരുവണ്ണാമൂഴി: പന്തിരിക്കരയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതായി പരാതി. പ്രശ്‌നത്തിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടാവുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പന്തിരിക്കര വരയാലന്‍കണ്ടി റോഡിലാണ് നിരന്തരമായി കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നതും കുടിവെള്ളം പാഴാകുന്നതും.

പെരുവണ്ണാമൂഴിയില്‍നിന്ന് വിതരണംചെയ്യുന്ന വെള്ളമാണിത്. കപ്പള്ളിക്കണ്ടി ഭാഗത്താണ് കഴിഞ്ഞദിവസം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡിലൂടെ പരന്നൊഴുകുന്നത്. ജലഅതോറിറ്റിയുടെ പേരാമ്പ്ര സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും പൊട്ടിയത് നന്നാക്കാന്‍ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പന്തിരിക്കര-കോക്കാട് റോഡില്‍ ഇരുകുളങ്ങര ഭാഗത്ത് കുടിവെള്ളപൈപ്പ് പൊട്ടി ജലം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കിയിട്ടില്ല. പൊട്ടിയ പൈപ്പ് നന്നാക്കാതെ കിടക്കുന്നതിനാല്‍ വെള്ളം പാഴാകുന്നത് തുടരുകയുമാണ്.