അകലം പാലിക്കേണ്ട സൗഹൃദങ്ങളുണ്ട്, അകന്നാൽ അടുത്തിരിക്കാം; സേഫ് ഡിസ്റ്റൻസിനെകുറിച്ച് മുന്നറിയിപ്പുമായി എംവിഡി


വടകര: എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ സേഫ് ഡിസ്റ്റന്‍സുണ്ടാകണമെന്ന മുന്നറിയിപ്പുമായി എംവിഡി. റോഡുകളില്‍ 3 സെക്കന്റ് റൂള്‍ പാലിച്ചാല്‍ സേഫ് ഡിസ്റ്റന്‍സില്‍ വാഹനമോടിക്കാന്‍ കഴിയുമെന്നും എംവിഡി . ഫേസ്ബുക്കിലാണ് മുന്നറിയിപ്പ് പങ്കുവച്ചത്. ”അകലം’ പാലിക്കേണ്ട ചില സൗഹൃദങ്ങളുണ്ട് അകന്നാൽ അടുത്തിരിക്കാം എന്നെഴുതിയാണ് പോസ്റ്റ് എംവിഡി പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്താണ് ‘Tail Gating’ ?

റോഡില്‍ ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാന്‍ സാധ്യതയുള്ള പ്രവര്‍ത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ ‘Safe Distance ” ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തന്റെ വാഹനം പോകുന്ന വേഗതയില്‍ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിന്റെ വേഗത, ബ്രേയ്ക്കിന്റെ എഫിഷ്യന്‍സി, ടയര്‍ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷന്‍ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

3 സെക്കന്റ് റൂള്‍:

നമ്മുടെ റോഡുകളില്‍ 3 സെക്കന്റ് റൂള്‍ പാലിച്ചാല്‍ നമുക്ക് ‘Safe Distance’ ല്‍ വാഹനമോടിക്കാന്‍ കഴിയും.

മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈന്‍ ബോര്‍ഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോണ്‍ പോസ്റ്റ്, അല്ലെങ്കില്‍ റോഡിലുള്ള മറ്റേതെങ്കിലും മാര്‍ക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകള്‍ക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിന്റ് കടക്കാന്‍ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കന്റെങ്കിലും ആവണം.

മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് റെഗുലേഷന്‍

റെഗുലേഷന്‍ 17

(1) മറ്റൊരു വാഹനത്തിന് പിന്നില്‍ ഓടുന്ന വാഹനത്തിന്റെ ഡ്രൈവര്‍, തന്റെ വാഹനം മുന്നിലുള്ള വാഹനത്തില്‍ നിന്ന് മതിയായ അകലം പാലിക്കണം, അതുവഴി മുന്നിലുള്ള വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്താല്‍ സുരക്ഷിതമായി നിര്‍ത്താന്‍ കഴിയും.

(2) മറ്റൊരു വാഹനം പിന്തുടരുമ്പോള്‍, മുമ്പിലെ വാഹന ഡ്രൈവര്‍ നിര്‍ബന്ധിതമായ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യരുത്.

(3) അതിശക്ത മഴയോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഉണ്ടെങ്കില്‍ ഡ്രൈവര്‍, മുന്നിലുള്ള വാഹനത്തില്‍ നിന്നുള്ള ദൂരം ഇനിയും വര്‍ദ്ധിപ്പിക്കണം.