തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ പോകുമെന്നും കൊല്ലപ്പെട്ട അനീഷിന്‌റെ ഭാര്യ ഹരിത
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. പ്രഭുകുമാര്‍ (43), കെ.സുരേഷ്‌കുമാര്‍ (45) എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ (27) കൊലപ്പെടുത്തിയ കേസിലാണ് വിധി. 2020 ഡിസംബര്‍ 25നാണ് കൊലപാതകം നടന്നത്. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ആര്‍.വിനായക റാവു ആണു കേസ് പരിഗണിച്ചത്.
2020 ഡിസംബര്‍ 25നു വൈകിട്ട് ആറരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇതരജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്തതിന് വിവാഹത്തിന്റെ 88-ാം ദിവസം അനീഷിനെ വധുവിന്റെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നും കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങള്‍ക്കു ധനസഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികള്‍ക്കു പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് അനീഷിന്റെ ഭാര്യ പി.ഹരിത, മാതാപിതാക്കളായ ഇ.കെ.ആറുമുഖന്‍, കെ.രാധ എന്നിവര്‍ ആവശ്യപ്പെട്ടു. വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ പോകുമെന്നും ഹരിത പ്രതികരിച്ചു. വധശിക്ഷ നല്‍കണമെന്ന് അനീഷിന്‌റെ അച്ഛന്‍ പറഞ്ഞു. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആണ് പ്രതീക്ഷിച്ചിരുന്നത്. തനിക്കെതിരെയും വീട്ടില്‍നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഹരിത പറഞ്ഞു.
അനീഷിന്റേതു ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോണ്‍ 2024 മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഹരിത, അനിഷിന്റെ സഹോദരന്‍ അരുണ്‍ എന്നിവര്‍ ഉള്‍പ്പെടെ 59 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്.
Description: Thenkurissi honor killing; Accused sentenced to life imprisonment