ഷട്ടർപൊക്കി അകത്തു കടന്ന് പണം കവർന്നു; പയ്യോളി മേഖലയിലെ നാല് കടകളിൽ മോഷണം


പയ്യോളി: പയ്യോളിയിലെ വിവിധ കടകളിൽ മോഷണം. നാല് കടകളിലാണ് മോഷ്ടാക്കൾ കയറി പണം കവർന്നത്. പയ്യോളിയിലെ വീനസ് സെെക്കൾസ്, ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൈരളി ഹോട്ടൽ, ബീച്ച്റോഡിലെ ഫൈവ് ജി മൊബൈൽ ഷോപ്പ്, ഓയിൽമില്ലിൽ പ്രവർത്തിക്കുന്ന പലചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ഇന്നലെ രാത്രി നെെറ്റ് പെട്രോളിം​ഗ് നടത്തുന്നതിനിയിലാണ് മോഷണം നടത്തത് പയ്യോളി പോലീസിന്റെ ശ്രദ്ധയിലെ‍പെടുന്നത്. വീനസ് സെെക്കൾസിന്റെ ഷട്ടർ പൊന്തിക്കിടക്കുന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉടമയെ ബന്ധപ്പെടുകയായിരുന്നുവെന്ന് പയ്യോളി പോലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. മോഷണം നടന്ന മറ്റുകടകളിലുള്ളവർ വിവരം പിന്നീട് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

ഷട്ടർ വളച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇന്ന് പുലർച്ചെയാണ് മോഷണമെന്ന് കരുതുന്നു. പണമല്ലാതെ മറ്റൊന്നും കടകളിൽ നിന്ന് നഷ്ടമായിട്ടില്ല. ഒരേ രീതിയിലാണ് എല്ലായിടത്തും മോഷണം നടന്നത്. മോഷ്ടാക്കൾ ഉപയോ​ഗിച്ചതെന്ന് കരുതുന്ന ഒരു കമ്പിപ്പാര പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും കവർച്ച നടന്നയിടങ്ങളിൽ പരിശോധന നടത്തും.