മോഷ്ടാവെത്തിയത് ചുരിദാര്‍ പോലുള്ള വസ്ത്രം ധരിച്ച് മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയശേഷം; പേരാമ്പ്ര എരവട്ടൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണംകവര്‍ന്നു
പേരാമ്പ്ര: എരവട്ടൂരില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ആയടക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം കവര്‍ന്നത്. ചുരിദാര്‍ പോലുള്ള വസ്ത്രം ധരിച്ച് സി.സി.ടി.വിയില്‍ മുഖം വ്യക്തമാകാത്ത തരത്തില്‍ ശരീരമാകെ മൂടിയായിരുന്നു മോഷ്ടാവ് എത്തിയത്.
നവംബര്‍ 18നാണ് സംഭവം. രാത്രി 1.19ഓടെ മോഷണം ആരംഭിച്ച ഇയാള്‍ ഒരു മണിക്കൂര്‍ സമയം ചെലവഴിച്ച് ഭണ്ഡാരത്തിലെ മുഴുവന്‍ പണവും എടുത്ത് കടന്നുകളയുകയായിരുന്നു. പാന്റും അതിന് മുകളില്‍ മുണ്ടും ഷര്‍ട്ടും അതിന് മുകളില്‍ ചുരിദാര്‍ ടോപ്പുപോലുള്ള വസ്ത്രവും ധരിച്ച് മുഖം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞായിരുന്നു മോഷ്ടാവെത്തിയത്.
സമീപത്തെ വീട്ടില്‍ നിന്നും മോഷ്ടിച്ച കമ്പിപ്പാരയും നിലംകുഴിക്കുന്ന പാരയുംകൊണ്ടാണ് ഭണ്ഡാരംതകര്‍ത്തത്. ഇത് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ക്ഷേത്രത്തിന് പുറത്തെ ഭണ്ഡാരവും കുത്തിത്തുറന്ന് മോഷ്ടിച്ചിട്ടുണ്ട്. രാവിലെ ക്ഷേത്രം വൃത്തിയാക്കാനെത്തിയവരാണ് മോഷണവിവരം അറിഞ്ഞത്. പേരാമ്പ്ര പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
Description: Theft by breaking into the temple treasury in Eravattur