മാഹിയിൽ വീടിന്റെ പൂട്ട്പൊളിച്ച് മോഷണ ശ്രമം; കൊയിലാണ്ടി സ്വദേശി പിടിയിൽ
ന്യൂമാഹി: മോഷണം നടത്താനായി മാഹിയിലെ വീട്ടിൽ കയറിയ മധ്യവയസ്കൻ പിടിയിൽ. സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങിയിരുന്ന ജബ്ബാറിനെ (56) യാണ് പിടികൂടിയത്. ന്യുമാഹി അഴീക്കലിലെ തബ്രീഷ്- ഫര്‍ദാന ഫാത്വിമ ദമ്പതികളുടെ എഫ്.ആര്‍ ഹൗസിൽ ഏപ്രിൽ 29 -ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
കുഞ്ഞിന് ഛര്‍ദിയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയി തിരിച്ചെത്തിയതായിരുന്നു വീട്ടുകാർ. ഇതേ സമയം കവര്‍ച്ചക്കെത്തിയ ജബ്ബാർ വീടിന്റെ മുകളിലെ ടെറസിലൂടെ കയറി സ്റ്റെയര്‍കേസിന്റെ പൂട്ടുപൊളിക്കുകയായിരുന്നു. പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട ഫര്‍ദാന ഉടനെ അയല്‍വാസിയായ അശ്റഫിനെ ഫോണില്‍ വിവരമറിയിച്ചു. വീട്ടിൽ മുഴുവന്‍ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് പോലീസെത്തി നടത്തിയ തിരച്ചലിലാണ് സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങികിടക്കുകയായിരുന്ന കള്ളനെ പിടികൂടിയത്.
കൊയിലാണ്ടി സ്വദേശിയാണ് താനെന്ന് പ്രതി പറഞ്ഞതായി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാൽ തനിക്ക് ബന്ധുക്കളാരും ഇല്ലെന്നും മാഹിയിലെ റെയിൽവേ സ്റ്റേഷനിലും മറ്റുമാണ് കഴിയാറെന്നും ഇയാൾ പറഞ്ഞിരുന്നു. കൂടുതൽ അന്വഷണങ്ങൾക്ക് മാത്രമേ കൂടുതൽ വിവരം വ്യക്തമാവുകയുള്ളുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
ന്യൂമാഹി എസ്.എച്ച്.ഒ പി.വി രാജന്‍, എസ്.ഐമാരായ മഹേഷ് കണ്ടമ്പേത്ത്, അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങികിടക്കുകയായിരുന്ന കള്ളനെ പിടികൂടിയത്.