പയ്യോളി പെട്രോൾ പമ്പിലെ മോഷണം; യുവാക്കൾ അറസ്റ്റിൽ, പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതികൾ
കോഴിക്കോട്: പയ്യോളി പെരുമാൾപുരത്ത് പെട്രോൾ പമ്പിൽ മോഷണം നടത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി പൊക്ലിയന്റെ പുരക്കൽ വീട്ടിൽ റസൽ ജാസി (24), പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റ്യാടി വീട്ടിൽ അഖിബ് ആഷിഖ് (26) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്കുകളുമായി കറങ്ങുന്നതിനിടെ ബുധനാഴ്ച രാത്രിയോടെ പരപ്പനങ്ങാടി ഭാഗത്തു നിന്നും പന്നിയങ്കര പോലീസാണ് പ്രതികളെ പിടികൂടിയത്.
പെരുമാൾപുരത്ത് പെട്രോൾ പമ്പിലെ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറി 8000 രൂപയോളം മോഷ്ടിക്കുകയായിരുന്നു. പിന്നീട്, പരപ്പനങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും, വഴിയോര കടകളിലും കവർച്ചയും നടത്തിയതിന് ഇവർക്കെതിരെ കേസുകളുണ്ട്. പന്നിയങ്കര പോലീസ് സ്റ്റേഷനിൽ ഈ വർഷം ഫെബ്രവരിയിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മൊഷണ കേസ്സിന്റെ അന്വേഷണത്തിനിടെയാണ് നിരവധി കേസ്സിൽ പ്രതികളായ ഇവർ പിടിയിലായത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലെ പെട്രാൾ പമ്പിൽ മോഷണം നടത്തി മോഷണ ബൈക്കുമായി വരുന്ന വഴിയിലാണ് പോലീസിന്റെ പിടിയിലാവുന്നത്. ബലപ്രയോഗത്തിലാണ് ഇരുവരെയും പോലിസ് കീഴ്പ്പെടുത്തിയത്.

ഫെബ്രുവരി 16 പുലർച്ചെ ഒന്നിന് കല്ലായ് റെയിൽവെ സ്റ്റേഷനിലെ സിഗ്നൽ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരന്റെ, റെയിൽവെ സ്റ്റേഷൻ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന പൾസർ ബൈക്ക് പ്രതികൾ മോഷ്ടിച്ചെടുക്കകയും തുടർന്ന് വടകര ഭാഗത്തേക്ക് ഓടിച്ചു പോവുകയും പോകുന്ന വഴിയിൽ, കൊയിലാണ്ടി ഭാഗത്തെ ഒരു ഗോഡൗണിനു സമീപം സൂക്ഷിച്ചിരുന്ന ബൈക്കിലെ ഹെൽമെറ്റ് മോഷ്ടിച്ചെടുക്കുകയും അതിനു ശേഷം സമീപത്തുള്ള പെട്രോൾ പമ്പിൽ കയറി പെട്രോളടിച്ച് പൈസ കൊടുക്കാതെ കടന്നു കളയുകയും ചെയ്തു.
തുടർന്ന്, പുലർച്ചെ പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിൽ കയറി കവർച്ച നടത്തി. പിന്നീട്, പരപ്പനങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന്, മോഷണം നടത്തിയ ബൈക്ക് മലപ്പുറം കുളത്തൂർ ചന്തപ്പറമ്പ് സ്വദേശിക്ക് വിൽപ്പന നടത്തുകയായിരുന്നു. ഇതിനുശേഷം പ്രതികൾ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നും എളമക്കര സ്വദേശിയായ ഒരു യുവാവിന്റെ ചുവന്ന പൾസർ ബെക്ക് ഫെബ്രു. 18 ന് രാത്രി 8 ന് മോഷണം നടത്തി പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിക്ക് സമീപമുള്ള പന്തലം പാടം ഹൈവേ സൈഡിലുള്ള പെട്രോൾ പമ്പിൽ 19 ന് പുലർച്ചെ ഒന്നോട് കൂടി പെട്രോൾ പമ്പിലെ മെഷീന്റെ സൈഡിൽ ബാഗ് വെച്ച് ഉറങ്ങാനായി കിടന്ന സെയിൽസ്മാന്റെ ബാഗിലുണ്ടായിരുന്ന 48000/- രൂപ കവർച്ച ചെയ്തെടുത്ത് വരുന്ന വഴിയിലാണ് പന്നിയങ്കര പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മോഷണ പരമ്പര സമ്മതിച്ചത്.
പന്നിയങ്കര ഇൻസ്പെക്ടർ എസ് സതീഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ കിരൺ ശശിധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസറായ വിജേഷ്, ദിലീപ്, ബിനോയ് വിശ്വം എന്നിവരായിരുന്നു പ്രതികളെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻറ് ചെയ്തു.