ഉരുൾപ്പൊട്ടലുണ്ടായ വിലങ്ങാട്ടെ മലയങ്ങാട് കുരിശുപള്ളിയിൽ മോഷണം; നേർച്ചപ്പെട്ടി കുത്തിതുറന്ന നിലയിൽ
നാദാപുരം: ഉരുൾപൊട്ടലിൽ ദുരിതം വിതച്ച വിലങ്ങാട്ടെ മലയങ്ങാട് കുരിശുപള്ളിയിൽ മോഷണം. ഉരുൾപ്പൊട്ടലിനെ തുടർന്ന് പ്രദേശവാസികളെല്ലാം ദുരിതാശ്വാസ ക്യാമ്പിൽ ആയിരുന്ന സമയത്താണ് മോഷണം നടന്നത്. നേർച്ചപ്പെട്ടി തകർത്താണ് മോഷണം നടത്തിയത്. നേർച്ചപ്പെട്ടി തകർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പള്ളി അധികൃതരെ അറിയിച്ചത്.
സാധാരണ രണ്ട് മാസത്തിലൊരിക്കലാണ് പള്ളി അധികൃതർ നേർച്ചെപ്പെട്ടി തുറന്ന് പണം എടുക്കാറുള്ളതെന്ന് നാട്ടുകാർ പറയുന്നു. മോഷണം നടന്ന കുരിശുപള്ളി നാദാപുരം എം.എൽ.എ ഇ.കെ.വിജയൻ സന്ദർശിച്ചു. കഴിഞ്ഞ ചൊവ്വഴ്ച്ച പുലർച്ചെയാണ് വിലങ്ങാട് ഉരുൾപ്പൊട്ടൽ ഉണ്ടായത്. പ്രദേശത്ത് ചെറുതും വലുതുമായ അമ്പതിലധികം ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്.
മയ്യഴി പുഴയുടെ ഉത്ഭവ കേന്ദ്രമായ പുല്ലുവ പുഴ യുടെ തീരമായ വലിയ പാനോം മുതൽ വാളാന്തോട് വരെയുള്ള പുഴയുടെ തീരമാണ് പുഴയൊടുത്തത്. ഇവിടങ്ങളിലെ കൃഷികളും, വലിയ മരങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയി. കുറ്റല്ലൂർ, മാടാഞ്ചേരി, മലയങ്ങട്, കമ്പിളിപ്പാറ, എന്നിവിടങ്ങളിലെല്ലാം ഉരുൾപ്പൊട്ടൽ നാശം വിതച്ചു. സർവ്വതും നഷ്ടപ്പെട്ട നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അതിനിടയിലാണ് ദുരന്തബാധിത പ്രദേശത്ത് നിന്നും മോഷണ വാർത്തകൾ പുറത്തു വരുന്നത്.