വെള്ളത്താല്‍ ചുറ്റപ്പെട്ട് തീക്കുനി ടൗണ്‍; ജനങ്ങള്‍ ദുരിതത്തില്‍, പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തം


വേളം: തീക്കുനി ടൗണിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് ജനം. കനത്ത മഴയില്‍ ടൗണ്‍ പൂര്‍ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടതോടെ കക്കട്ട്, കുറ്റ്യാടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍.

ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ കഴിഞ്ഞ ആറ് ദിവസമായി വാഹന ഗതാഗാതം ഏതാണ്ട് നിലച്ച മട്ടാണ്. ഇതോടെ ടൗണിലെ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പോലും വ്യാപാരികള്‍ക്ക് കഴിയുന്നില്ല.

വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തോടുകള്‍ക്ക് വേണ്ടത്ര വീതിയില്ലാത്തതിനാലാണ് ഇത്തരത്തില്‍ വെള്ളം കയറിയിരിക്കുന്നത്. കനത്ത മഴയില്‍ വെള്ളം കയറുന്നതോടെ താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിലെ കിണറുകളും മലിനമായിട്ടുണ്ട്. മാത്രമല്ല കക്കൂസ് സ്ലാബുകള്‍ പൊങ്ങിപ്പോയതിനാല്‍ ചിലയിടത്ത് മലിനജലം പുറത്തേക്ക് ഒഴുകുന്നതായും വിവരമുണ്ട്.

കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വര്‍ഷാവര്‍ഷം ജനങ്ങള്‍ അനുഭവിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ തയ്യാറാവണമെന്ന് സിപിഐ എം ചേരാപുരം ലോക്കല്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.