അശാസ്ത്രീയമായ രീതിയില്‍ സീബ്രാലൈന്‍; പരാതിയെത്തുടര്‍ന്ന് ചേനോളി റോഡില്‍ വരച്ച സീബ്രാലൈന്‍ മായ്ച്ചു


പേരാമ്പ്ര: ചേനോളി റോഡില്‍ കണ്ണമ്പത്ത് സ്‌കൂളിനുസമീപം വളവില്‍ വരച്ച സീബ്രാലൈന്‍ മായ്ച്ചു. ബില്‍ഡിങ് ആന്‍ഡ് റോഡ്‌സ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ പേരാമ്പ്ര നിയോജകമണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സീബ്രാലൈന്‍ മായ്ച്ചത്.

അശാസ്ത്രീയമായ രീതിയില്‍ റോഡില്‍ സീബ്രാലൈന്‍ വരച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊതുമരാമത്ത് അധികൃതരെ പരാതി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച വരച്ച സീബ്രലൈന്‍ മായ്ക്കാന്‍ നടപടിയെടുത്തത്.

പേരാമ്പ്ര ചേനോളി തറമ്മലങ്ങാടി റോഡ് പുനര്‍നിര്‍മിച്ചതിനുശേഷം റോഡില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സീബ്രാലൈനും വരയ്ക്കുന്നത്. എന്നാല്‍ സ്‌കൂളിനുസമീപത്തെ സീബ്രാലൈനിലൂടെ കുട്ടികളടക്കം മുറിച്ചുകടക്കാന്‍ തുടങ്ങിയാല്‍ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് കാണാന്‍കഴിയില്ല. ഇത് അപകടത്തിന് ഇടയാക്കുമെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വരച്ച ഭാഗം മായ്ച്ചിരിക്കുന്നത്.