മെസ്സിയുടെയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും, നെയ്മറുടെയും കട്ടൗട്ട് ഉയരാത്ത മണ്ണില്‍ സ്വന്തം നാട്ടുകാരിയ്ക്കായി ആദ്യ കട്ടൗട്ട്; കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ അഭിമാന പ്രതീക്ഷ, കുഞ്ഞാറ്റയുടെ കട്ടൗട്ട് ഉയര്‍ത്തി കക്കയത്തെ യുവകൂട്ടായ്മ
കൂരാച്ചുണ്ട്: കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ പ്രതീക്ഷ, കക്കയത്തിന്റെ സ്വകാര്യ അഹങ്കാരം ഷില്‍ജി ഷാജി എന്ന കുഞ്ഞാറ്റക്ക് ജന്മനാട്ടില്‍ കട്ടൗട്ട് ഉയര്‍ത്തി യുവകൂട്ടായ്മ. ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ അണ്ടര്‍ 17 ടീമിലെ താരമാണ് കുഞ്ഞാറ്റ. കക്കയം നീര്‍വായകത്തില്‍ ഷാജി, എല്‍സി ഷാജി ദമ്പതികളുടെ മകളാണ്.
മെസ്സിയുടെയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും, നെയ്മറുടെയും കട്ടൗട്ട് ഉയരാത്ത മണ്ണില്‍ രാജ്യത്തിന്റെ ജേഴ്‌സിയില്‍ പുഞ്ചിരിച്ച് നില്‍ക്കുന്ന ഞങ്ങടെ സോദരി കുഞ്ഞാറ്റയുടെ മുഴുനീളന്‍ കട്ടൗട്ട് അഭിമാനത്തോടെ ഞങ്ങളുയര്‍ത്തി. ഇനിയുമിനിയും അവള്‍ക്കൊപ്പമുണ്ടെന്ന കക്കയത്തെ യുവതയുടെ പ്രഖ്യാപനമാണ് ഇതിലൂടെ അറിയിക്കുന്നതെന്ന് പ്രദേശത്തെ യുവകൂട്ടായ്മ പറഞ്ഞു. യുവ എഫ്‌സി കക്കയം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കട്ടൗട്ട് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയ്ക്കായി അണ്ടര്‍ 17 മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച ഈ പതിനാറുകാരി ഇതിനോടകം എട്ടു ഗോളുകള്‍ രാജ്യത്തിനായി നേടിക്കഴിഞ്ഞു. ജോര്‍ദാനെതിരായ രണ്ട് മത്സരത്തിലും ഹാട്രിക്ക് നേടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കണ്ണൂര്‍ സ്‌പോര്‍ട് ഡിവിഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കുഞ്ഞാറ്റ. നിലവില്‍ കേരള ടീമംഗവുമാണ്.
summary: the youth group of the area raised the cutout of kunjata, the pride of the country