പല്ലുകളിലെ മഞ്ഞനിറം ഇതുവരെ മാറിയില്ലേ ? വിഷമിക്കേണ്ട, പരീക്ഷിക്കാം ഈ വഴികള്‍


പല്ലുകളിലെ മഞ്ഞ നിറം പലരെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. ഇതുകാരണം ആളുകളുടെ ഇടയില്‍ നിന്നും പൊട്ടിച്ചിരിക്കാനോ, സംസാരിക്കാനോ പലര്‍ക്കും മടിയാണ്. മഞ്ഞ പല്ലുകളുടെ പ്രശ്നത്തിനുള്ള പരിഹാരത്തിലേക്ക് പോകുന്നതിന് മുൻപായി, ആദ്യം നമ്മുടെ പല്ലുകൾ മഞ്ഞയായി മാറുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കേണ്ടതുണ്ട്‌.

പല്ലുകളുടെ മഞ്ഞ നിറത്തിന് പിന്നിൽ

* പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി പ്രവർത്തനങ്ങൾ
* അമിതമായ കാപ്പി കുടിയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമവും
* ഇനാമലിന്റെ കട്ടി കുറയുന്നത്
* മരുന്ന് കഴിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ, അവയ്ക്ക് ആവശ്യമായ മരുന്നുകളിലെ രാസവസ്തുക്കൾ എന്നിവ പല്ലുകളോട് മോശമായി പ്രതികരിക്കും
* വാർദ്ധക്യം പല്ലുകളുടെ നിറം മാറാൻ കാരണമാകും

ആരോഗ്യമുള്ള വെളുത്ത പല്ലുകൾ ലഭിക്കുന്നതിനുള്ള പൊടിക്കൈകൾ

1. ആപ്പിൾ സിഡാർ വിനഗർ – മുടിയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ആപ്പിൾ സിഡെർ വിനെഗറും പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കാം. ആപ്പിൾ സിഡെർ വിനെഗറിന് പശുവിന്റെ പല്ലുകളെ വെളുപ്പിക്കാനുള്ള കഴിവുണ്ടെന്ന് സിച്ചുവാൻ യൂണിവേഴ്സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്‌
രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ 200 മില്ലി വെള്ളത്തിൽ കലർത്തി മൗത്ത് വാഷ് ഉണ്ടാക്കാം. 30 സെക്കൻഡ് ഈ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക.

2. നാരങ്ങ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ ചില പഴങ്ങളുടെ തൊലി – വിറ്റാമിൻ സിയും ഡി-ലിമോണീൻ എന്നിവ സംയുക്തമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾ പല്ലുകൾ സ്വാഭാവികമായും വെളുപ്പിക്കുന്നതിന് സഹായിക്കുന്നു.

പല്ലിലെ കറ നീക്കം ചെയ്യുന്നതിൽ 5 ശതമാനം ഡി-ലിമോണീൻ അടങ്ങിയ ടൂത്ത് പേസ്റ്റിന്റെ നല്ല ഫലം സൂചിപ്പിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ഡെന്റിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പഴങ്ങളുടെ തൊലി 10 മിനിറ്റ് പല്ലിൽ തേച്ച് പിടിപ്പിക്കുക. ശേഷം കഴുകുക.

3. ബേക്കിങ് സോഡ – അൽപം ചെറുനാരങ്ങാനീരും ബേക്കിങ്ങ് സോഡയും ചേർത്ത് പല്ലിൽ തേയ്ക്കുക. കുറച്ചുസമയം കഴിഞ്ഞ് കഴുകികളയാം. ഇതും മഞ്ഞപ്പല്ല് അകറ്റുന്നു.

4. പല്ലു തേക്കുക: പല്ലുകൾ ആരോഗ്യകരമായി നിലനിർത്തുന്നതിന് രണ്ടോ മൂന്നോ മിനിറ്റ് വീതം ദിവസത്തിൽ രണ്ടുതവണയെങ്കിലും ബ്രഷ് ചെയ്യുന്നത് ഉറപ്പാക്കുക. നിങ്ങളുടെ വായയുടെ എല്ലാ ഭാഗങ്ങളും നാക്കും വൃത്തിയാക്കുക. പല്ലുകൾ വെളുപ്പിക്കുന്നതിനുള്ള ടൂത്ത് പേസ്റ്റ് നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.

5. ആരോഗ്യകരമായ ഭക്ഷണക്രമം: വിറ്റാമിൻ സി, ഫൈബർ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യവും മൊത്തത്തിലുള്ള ശരീരത്തിന്റെ ക്ഷേമവും നിലനിർത്താൻ സഹായിക്കും. സരസഫലങ്ങൾ, കാപ്പി, ബീറ്റ്റൂട്ട് തുടങ്ങിയ പല്ലിന് കറ വരുത്തുന്ന ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.

6. ആക്റ്റിവേറ്റഡ് ചാർക്കോൾ: ടൂത്ത് പേസ്റ്റ് നിർമ്മിക്കുന്ന വിവിധ കമ്പനികൾ ആക്റ്റിവേറ്റഡ് ചാർക്കോൾ അഥവാ കരി അടങ്ങിയ ടൂത്ത് പേസ്റ്റുകളുടെ ഒരു ശ്രേണി തന്നെ വിപണിയിൽ എത്തിക്കുന്നുണ്ട് ഇപ്പോൾ. ഇത് പല്ലുകൾ വെളുപ്പിക്കാനും കറ നീക്കം ചെയ്യാനും സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. കാപ്സ്യൂളുകളുടെ രൂപത്തിൽ ലഭിക്കുന്ന ആക്റ്റിവേറ്റഡ് ചാർക്കോൾ ഉപയോഗിച്ച് പല്ലിൽ തേച്ച് പിന്നീട് കഴുകിക്കളയാവുന്നതുമാണ്.

7. ഹൈഡ്രജൻ പെറോക്സൈഡും ബേക്കിംഗ് സോഡയും: പല്ലുകളുടെ മഞ്ഞ നിറവും കറകളും ഒഴിവാക്കാൻ ഹൈഡ്രജൻ പെറോക്സൈഡ്, ബേക്കിംഗ് സോഡ എന്നിവയുടെ സംയോജനം ഉപയോഗപ്രദമാണ്. ഹൈഡ്രജൻ പെറോക്സൈഡ്, ബേക്കിംഗ് സോഡ എന്നിവ അടങ്ങിയ ടൂത്ത് പേസ്റ്റ് ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാം, അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ ഹൈഡ്രജൻ പെറോക്സൈഡ് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയുമായി ചേർത്ത് നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു പേസ്റ്റ് തയ്യാറാക്കി പല്ലു തേക്കാവുന്നതാണ്.

ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, മാത്രമല്ല ഇത് ഒരു വിദഗ്‌ദ്ധ വൈദ്യോപദേശത്തിന് പകരമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിനോ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനോ മുൻപായി എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യനോടോ ബന്ധപ്പെടുക.

Description: The yellow color on your teeth hasn’t changed yet? try these methods