വയനാടിനോടുള്ള ലോകത്തിന്റെ സ്നേഹം 100 കോടി കടന്നു; രണ്ടാഴ്ചക്കുള്ളിൽ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 110 .55 കോടി രൂപ, വയനാടിൻറെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ പൊതുതാൽപര്യ ഹർജി തള്ളി


തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടിയാണ് ചെലവഴിക്കുക‌.

നിരവധി രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും അടക്കം നിരവധി പേരാണ് ഇതിനോടകം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. http://donation.cmdrf.kerala.gov/ എന്ന പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നൽകിയിട്ടുണ്ട്. പോർട്ടലിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങൾ നൽകി ഓൺലൈൻ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പർ വഴി നേരിട്ടോ സംഭാവന നൽകാം. ഇതിലൂടെ നൽകുന്ന സംഭാവനയ്ക്ക് ഉടൻ തന്നെ റെസീപ്റ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകൾക്ക് 48 മണിക്കൂറിന് ശേഷമേ റസീപ്റ്റ് ലഭിക്കൂ.

അതേസമയം വയനാടിൻറെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ പൊതുതാൽപര്യ ഹർജി കോടതി തള്ളിയിരുന്നു. സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു. ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ചോദിച്ചു.