തൊഴിലുറപ്പ് തൊഴിലാളികള്‍ കൈകോര്‍ത്തു; വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് കിണറുകളുടെ പ്രവൃത്തി പൂര്‍ത്തിയായി


വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത്‌ പതിനഞ്ചാം വാർഡില്‍ നിര്‍മ്മിച്ച കിണറുകള്‍ തുറന്നുകൊടുത്തു. പ്രസിഡന്റ്‌ പി.സുരയ്യ ടീച്ചർ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് തുറസ്സായ കിണറുകളുടെ പ്രവർത്തിയാണ് പൂര്‍ത്തിയാക്കിയത്‌.

മൂന്ന് ലക്ഷത്തി അയ്യായിരത്തി മുന്നൂറ്റി അമ്പത്തിരണ്ട് രൂപയുടെ അടങ്കൽ തുകയ്ക്കാണ് രണ്ടു കിണറുകൾക്കും എസ്റ്റിമേറ്റ് തയ്യാറാക്കിയത്. മെറ്റീരിയൽസ് ചിലവുകൾക്ക് പുറമെ ഒന്നേ മുക്കാൽ ലക്ഷത്തോളം രൂപയുടെ പ്രവർത്തിയുമാണ് ഉൾപ്പെടുത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് കിണര്‍ തൊഴിലാളികളും ചേര്‍ന്ന് നൂറ്റി എണ്‍പത്തി മൂന്ന് ദിവസം കൊണ്ടാണ് കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

സ്ഥിരം സമിതി ചെയർമാൻ ഫാത്തിമ കണ്ടിയിൽ, വാർഡ് മെമ്പർ എം.കെ മജീദ്, അസിസ്റ്റന്റ് എഞ്ചിനീയർ മുഹമ്മദ് ആഷിക്ക്, ഓവർസിയർ അനസ് കെ.പി, അഫ്സൽ കെ.കെ എന്നിവർ പങ്കെടുത്തു.

Description: The work of two wells has been completed in Vanimel Gram Panchayat