പേരാമ്പ്ര പുളിയോട്ട് മുക്കിലെ മരമില്ലിന് തീ പിടിച്ചു; ഷെഡും മോട്ടോറും സ്വിച്ച് ബോര്‍ഡും ഈര്‍ന്നിട്ട മരവുമെല്ലാം കത്തി നശിച്ചു, അഗ്നിശമനസേനയെത്തി തീയണച്ചു


പേരാമ്പ്ര: പുളിയോട്ട് മുക്കില്‍ പ്രവര്‍ത്തിക്കുന്ന മരമില്ലിന് തീപിടിച്ചു. ഇന്നലെ രാത്രി രണ്ടര മണിയോടെയാണ് സംഭവം. ബാലുശ്ശേരി വട്ടോളി ബസാറിലെ മുച്ചിലോട്ട് കണ്ടി ഷെരീഫ്, ആരിഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള മരമില്ലിനാണ് തീപിടിച്ചത്.

മരമില്ലിന്റെ ആസ്ബറ്റോസ് ഷീറ്റിന്റെ മേല്‍ക്കുരക്ക് കീഴെ പാകിയിരിക്കുന്ന തെങ്ങോലകള്‍ക്ക് തീപിടിച്ചത് കാരണം മില്ലിന്റെ മുഴുവന്‍ ഭാഗത്തേക്കും പെട്ടെന്ന് തന്നെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷെഡ്, മോട്ടോര്‍, സ്വിച്ച് ബോര്‍ഡ്, ഈര്‍ന്നിട്ട മരം ഉള്‍പ്പെടെ കത്തി നശിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

പേരാമ്പ്രയില്‍ നിന്നും ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്റെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനമെത്തിയാണ് തീ കെടുത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഐ. ഉണ്ണികൃഷ്ണന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ. സിധീഷ്, കെ. ശ്രീകാന്ത്, കെ.എന്‍. രതീഷ്, എസ്.കെ. റിതിന്‍, ടി. ബബീഷ്, ആര്‍. ജിനേഷ്, സി.കെ. സ്മിതേഷ്, വി. വിനീത്, ഹോം ഗാര്‍ഡുമാരായ എ.സി. അജീഷ്, കെ.പി. ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.