വടകര പുതിയാപ്പ് മാറാനൊരുങ്ങുന്നു; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം മൂന്ന് മാസത്തിനകം പൂർണമായും നീക്കും
വടകര: മാലിന്യം കുമിഞ്ഞുകൂടിയ ട്രഞ്ചിംഗ് ഗ്രൗണ്ട് അതിന്റെ പേര് ദോഷം മാറ്റുന്നു. പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുക്കാൻ നഗരസഭ പുതിയ പദ്ധതി ആവിഷ്ക്കരിച്ചു. ഇവിടെ ഗ്രീൻ പാർക്ക് ഒരുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി ഇവിടെയുള്ള മാലിന്യം മൂന്ന് മാസത്തിനുള്ളിൽ നീക്കം ചെയ്യും. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാലിന്യം നീക്കുന്നത്.
പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയുള്ള നഗരത്തിലെ മാലിന്യങ്ങളാണ് പതിറ്റാണ്ടുകളായി ട്രഞ്ചിങ് ഗ്രൗണ്ടിൽ കുന്നുകൂടി കിടക്കുന്നത്. ഇവിടെ മണ്ണിന്റെ അളവ് താരതമ്യേന കുറവാണ്. ബയോമൈനിങ്ങിലൂടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ ഭൂമി വീണ്ടെടുക്കുക. ഇതിനായി നാഗ്പൂരിലെ എസ്എംഎസ് കമ്പനിക്ക് സംസ്ഥാന സർക്കാർ കരാർ കൈമാറി. പ്രത്യേക മിഷനറി ഉപയോഗിച്ച് പ്ലാസ്റ്റിക് വേർതിരിച്ച് മാറ്റും.
കേരളത്തിലെ എട്ട് നഗരസഭകളടക്കം 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായാണ് എസ്എംഎസ് കമ്പനി കരാറുണ്ടാക്കിയത്. മുൻഗണനാ ക്രമമനുസരിച്ച് പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ട് പട്ടികയിൽ ആദ്യം ഇടംപിടിക്കുകയായിരുന്നു. ലോക ബാങ്ക് 5.60 കോടി രൂപയാണ് പദ്ധതിക്ക് ധനസഹായമായി അനുവദിച്ചത്.
വടകര നഗരസഭ പരിധിയിലെ മുഴുവൻ മാലിന്യങ്ങളും ഒരുമിച്ചു നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു പുതിയാപ്പിലെ ട്രഞ്ചിങ് ഗ്രൗണ്ട് . ആറ് മീറ്ററിലേറെ ഉയരത്തിലാണ് ഇവിടെ മാലിന്യം കുന്നുകൂടിയത്. മാലിന്യം കൊണ്ട് പൊറുതിമുട്ടിയതോടെ നാട്ടുകാർ നിരവധി തവണ സമരവുമായി രംഗത്തിറങ്ങിയിരുന്നു. സംസ്ഥാന സർക്കാർ ഉറവിട മാലിന്യ സംസ്കരണത്തിന് തുടക്കം കുറിച്ചതോടെയാണ് മാലിന്യം തള്ളുന്നത് നിലച്ചത്.
Description: The waste in Puthyap trenching ground will be completely removed within three months