പേരാമ്പ്രയിലെ വിക്ടറി സമരം ഒത്തുതീർപ്പായി; നാല് തൊഴിലാളികളെ തിരിച്ചെടുത്തു


പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് കടയിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ച് ചേര്‍ത്ത ചർച്ച വിജയം. നാല് തൊഴിലാളികളെ തിരിച്ചെടുക്കാൻ യോ​ഗത്തിൽ ധാരണയായി. ശേഷിക്കുന്ന മൂന്ന് പേരെ 30 ദിവസത്തേക്ക് സസ്പെന്റ് ചെയ്തു. കോഴിക്കോട് കളക്ടറേറ്റ് ഓഫീസില്‍ വിക്ടറിമാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്ത ​യോ​ഗത്തിന്റെതാണ് തീരുമാനം.

സംഭവവുമായി ബന്ധപ്പെട്ട് എൻക്വയറി കമ്മീഷനെ നിയോ​ഗിച്ചു. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനിലുള്ളവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയെന്നും ജില്ലാ ലേബർ ഓഫീസർ ബബിത പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പിരിച്ച് വിട്ടവരിൽ നാല് തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് മാനേജ്മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്നായിരുന്നു യൂണിയൻ നേതാക്കളുടെ നിലപാട്. ഇതിനെ തുടർന്ന് ഇന്നലെ ചേർന്ന യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് വീണ്ടും യോഗം ചേർന്നത്. ഇന്നത്തെ യോഗത്തിൽ 4 പേരെ തിരിച്ചെടുക്കാനും മറ്റ് മൂന്ന് പേരെ ഒരു മാസത്തെ സസ്പെൻഷൻ കാലാവധിക്കുശേഷം എൻക്വയറി കമ്മീഷന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ തിരിച്ചെടുക്കാനും തീരുമാനിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുകയായിരുന്നു.

ALSO READ- പ്രതിഷേധം, സംഘര്‍ഷം, ഹര്‍ത്താല്‍; പേരാമ്പ്രയിലെ വിക്ടറി സമരം എന്ത്, എന്തിന്?, വിശദമായി പരിശോധിക്കാം

ജില്ലാ ലേബര്‍ ഓഫീസര്‍ ബബിത, പേരാമ്പ്ര ഡി.വെെ.എസ്.പി കുഞ്ഞമ്മദ് കുട്ടി എന്നിവരുടെ മേതൃത്വത്തിലാണ് യോ​ഗം ചേർന്നത്. മാനേജ്മെന്റ് പ്രതിനിധികൾ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, ജില്ലാ നേതാവ് പി. കെ ലോഹിതാക്ഷൻ, കെ.പി സജീഷ്, കെ.വി പ്രമോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, ജനറൽ സെക്രടട്ടറി ജിജി കെ തോമസ്, ട്രഷറർ സുനിൽ കുമാർ, സെക്രട്ടറി മാരായ മനോജ് കാപ്പാട്, എം.കെ മൻസൂർ, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറിയും പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റുമായ ബാബു കെെലാസ്, പേരാമ്പ്ര ജനറൽ സെക്രട്ടറി ഒ.പി മമ്മദ് തുടങ്ങിയവർ പങ്കെടുത്തു.