അബദ്ധത്തില്‍ ഫോണ്‍ വീണത് കരിങ്കല്ലുകൾക്കിടയിൽ, മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ രക്ഷകരായി വടകര അഗ്നിരക്ഷാ സേന


വടകര: അറക്കൽ ബീച്ചിലെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ മൊബൈൽ ഫോൺ എടുത്ത് നൽകി വടകര അഗ്നിരക്ഷാ സേന. കുട്ടോത്ത് സ്വദേശി സമല്‍ പ്രകാശിന്റെ ഫോണ്‍ ആണ് സേന തിരികെ എടുത്തു കൊടുത്തത്‌. ഇന്നലെ രാത്രിയിലാണ് സംഭവം. അറക്കല്‍ ഉത്സവം കൂടാനായി എത്തിയതായിരുന്നു സമലും കൂട്ടുകാരും. ഇതിനിടെയാണ് ബീച്ചിന് സമീപത്തേക്ക് പോയത്.

ഏതാണ്ട് 10മണി ആയപ്പോള്‍ അബദ്ധത്തില്‍ ഫോണ്‍ കൈയ്യില്‍ നിന്ന് വീണ് കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങി. പിന്നാലെ ഏറെ നേരം സമലും കൂട്ടുകാരും പരിസരത്തെല്ലാം തിരച്ചില്‍ നടത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം. ഏറെ നേരത്തെ തിരച്ചിലിന് ശേഷം സംഘം വിഷമത്തോടെ തിരിച്ച് വീട്ടിലേക്ക് പോയി.

എന്നാല്‍ രാവിലെ വീണ്ടും സമലും കൂട്ടുകാരും സ്ഥലത്ത് പരമാവധി തിരച്ചില്‍ നടത്തി. വീണ്ടും നിരാശയായിരുന്നു ഫലം. ഇതിനിടെ ഒരു മണിയോടെ വടകര ഫയര്‍ സ്റ്റേഷനില്‍ വിളിച്ച് വിഷമം പറഞ്ഞു. ഫോണ്‍ വിളിക്ക് പിന്നാലെ അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സേനാംഗങ്ങള്‍ എത്തി പരിസരം മുഴുവന്‍ തിരച്ചില്‍ നടത്തി. ക്രോ ബാർ ഉപയോഗിച്ചും കൈകൾ കൊണ്ടും കരിങ്കല്ലുകൾ മാറ്റി ഒരു മണിക്കൂറോളം സമയത്തെ പരിശ്രമത്തിന് ശേഷം ഫോണ്‍ കണ്ടെത്തുകയായിരുന്നു.

സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിൻ്റെ നേതൃത്വത്തിൽ ഷിജേഷ് ടി, അഗീഷ്.പി, ലികേഷ് വി.കെ , ജിബിൻ ടി.കെ, സുബൈർ.കെ, സിവിൽ ഡിഫൻസ് അംഗം വിജേഷ് എം.ടി.കെ എന്നിവർ ചേർന്നാണ് ഫോണ്‍ കണ്ടെത്തിയത്‌.

Description: The Vadakara Fire Rescue Department retrieved a mobile phone stuck among the rocks