സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതിമാറ്റും; ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരുമെന്നും ഗതാഗത കമ്മീഷണര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കുമെന്നും ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുമെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍.

എച്ചും എട്ടും കൊണ്ട് കാര്യമില്ല. തിയറി പരീക്ഷ വിപുലപ്പെടുത്തും. അതില്‍ തന്നെ നെഗറ്റീവ് മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തും. ഏത് ജില്ലകളില്‍ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനെ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. ആദ്യം വേണ്ടത് സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ ആണ്. അതിനുശേഷം ടെസ്റ്റ് എന്ന നിലയില്‍ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്. ലേണേഴ്‌സ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കും ഉള്‍പ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതല്‍ വരുമ്പോള്‍ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

Description: The Transport Commissioner said that changing the method of driving tests in the state is under consideration