യാത്രക്കാര്‍ക്ക് ഭീഷണിയായി കൂത്താളി രണ്ടേ ആറിലെ ട്രാന്‍സ്‌ഫോമര്‍: നടപ്പാതയിലെ ട്രാന്‍സ്‌ഫോമറിന് ചുറ്റും സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍


കൂത്താളി: യാത്രക്കാര്‍ക്ക് ഭീഷണിയായി കൂത്താളി രണ്ടേ ആറിലെ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍. നടപ്പാതയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇവിടെ അപകട മേഖല ബോര്‍ഡും സുരക്ഷാ വേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂത്താളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ രണ്ടേ ആറില്‍ ഡേമാര്‍ട്ടിന് സമീപമാണ് നടപ്പാതയില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് പോലും കൈയെത്തുന്ന അകലം മാത്രമേ റോഡില്‍ നിന്ന് ട്രാന്‍സ്‌ഫോമറിനടുത്തേക്കുള്ളു. മഴയത്ത് ഈ വഴിയിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ഓരം ചേര്‍ന്ന് നില്‍ക്കേണ്ടി വരുന്നത് അപകട ഭയത്തോടെയാണ്. കെ.എസ്ഇബി പേരാമ്പ്ര സബ് ഡിവിഷൻ നോർത്ത് സെക്ഷനില്‍ ഉൾപ്പെട്ടതാണ് ഈ ട്രാൻസ്‌ഫോമർ.

ട്രാന്‍സ്‌ഫോമര്‍ നില്‍ക്കുന്ന തറയക്ക് ചുറ്റിലും പുല്ല് നിറഞ്ഞതിനാല്‍ പല തരത്തിലുളള വിഷ ജീവികളെ ഇവിടെ കാണാറുള്ളതായി നാട്ടുകാര്‍ പരാതി പറയുന്നുണ്ട്. അപകട സ്ഥലത്ത് സൂചന ബോര്‍ഡും സുരക്ഷാ വേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.