റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാർക്ക് മസ്റ്ററിംഗിന് അനുവധിച്ച സമയം വീണ്ടും നീട്ടി


തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബർ അഞ്ച് വരെയാണ് നീട്ടിയത്. മുൻഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേർ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.

റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.

മസ്റ്ററിംഗ് സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. ഇതാണ് നവംബർ അഞ്ച് വരെ നീട്ടിയത്. ആർക്കും ഭക്ഷ്യധാന്യങ്ങൾ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂർത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആർ അനിൽ പറഞ്ഞു മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിൻറെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.