‘അടയ്ക്ക എപ്പോഴെടുത്താലും പൈസ തിരിച്ചുതരും’ മോഷ്ടിച്ച അടക്ക വിറ്റ പണം ഉടമയ്ക്ക് തിരികെ നൽകി കള്ളൻ; സംഭവം ഓമശ്ശേരിയിൽ


ഓമശ്ശേരി: മോഷ്ടിച്ച അടക്ക വിറ്റ പണം ഉടമയ്ക്ക് തിരികെ നൽകി കള്ളൻ. ഓമശ്ശേരി പുളിയാർ തൊടികയിൽ അഹമ്മദ് കുട്ടിയ്ക്കാണ് പണം തിരികെ ലഭിച്ചത്. 2500 രൂപയും ഒപ്പം മോഷണത്തിൽ മനസ്താപമുണ്ടെന്ന് അറിയിച്ചുള്ള കുറിപ്പുമാണ് മോഷ്ടാവ് അഹമ്മദ് കുട്ടിയുടെ വീട്ടിൽ കൊണ്ടിട്ടത്.

ഏതാനും ദിവസം മുമ്പാണ് അഹമ്മദ് കുട്ടിയുടെ വീട്ടിൽനിന്ന് പൊളിച്ച അടയ്ക്ക മോഷണം പോയത്. സമീപവാസികളോടൊക്കെ വിവരം പറഞ്ഞെങ്കിലും മോഷ്ടാവിനെപ്പറ്റി യാതൊരു സൂചനയും കിട്ടിയില്ല. എന്നാൽ, ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 2500 രൂപയും ഒപ്പം ഒരു കുറിപ്പും മോഷ്ടാവ് അഹമ്മദ് കുട്ടിയുടെ വീട്ടിൽ കൊണ്ടിടുകയായിരുന്നു.

അല്പം അടയ്ക്ക എടുത്തിട്ടുണ്ടെന്നും മദ്യപിക്കാൻ പൈസ ഇല്ലാത്തതുകൊണ്ടാണെന്നും അടയ്ക്ക വിറ്റുകിട്ടിയ തുകയിൽ അല്പം ഇതോടൊപ്പം വെക്കുന്നുണ്ടെന്നുമാണ് കുറിപ്പിൽ എഴുതിയിരുന്നത്. കൈയിൽ പൈസ ഇല്ലാതാകുമ്പോൾ ഇനിയും അടയ്ക്ക എടുക്കുമെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ‘അടയ്ക്ക എപ്പോഴെടുത്താലും പൈസ തിരിച്ചുതരും’ എന്ന ഗാരന്റിയും മോഷ്ടാവ് ഉറപ്പുനൽകുന്നുണ്ട്.

അടയ്ക്ക വിറ്റ പണത്തിൽ അല്പമെങ്കിലും തിരികെനൽകാനുള്ള മനസ്സ്‌ മോഷ്ടാവിനുണ്ടായല്ലോ എന്ന ആശ്വാസം ചിലർ പ്രകടിപ്പിക്കുമ്പോൾ, പതിനായിരം രൂപ വിലമതിക്കുന്ന അടയ്ക്കമോഷ്ടിച്ചിട്ട് വിലയായി 2500 രൂപ മാത്രം തിരികെനൽകിയത് വല്ലാത്ത ചതിയായിപ്പോയെന്ന് വിലയിരുത്തുന്നവരുമുണ്ട്.

Summary: The thief returns to the owner a share of the stolen money.