കോതിബസാർ ആഘോഷരാവുകൾക്ക് വേദിയാകാൻ ഒരുങ്ങുന്നു; വടകര താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിൽ


വടകര: താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർനടപടികൾ അവസാനഘട്ടത്തിൽ. വിനോദസഞ്ചാരവകുപ്പ് തലശ്ശേരി പൈതൃകന​ഗര പദ്ധതിയിൽ ഉൾപ്പെടുത്തി 1.43 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. താഴെഅങ്ങാടിയിലെ പ്രധാന കച്ചവടകേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കോതിബസാറിലെ റംസാൻ രാവുകൾ ഏറെ പ്രസിദ്ധവുമാണ്. നോമ്പുകാലത്ത് രാത്രിയിൽ വടകരയ്ക്ക് പുറത്ത് നിന്ന് വരെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഒട്ടേറെപ്പേരാണ് ഇവിടേക്ക് വരാറുള്ളത്. വർഷത്തിൽ 11 മാസംകൊണ്ട് ഉണ്ടാകുന്ന ലാഭം വെറും ഒരുമാസംകൊണ്ട് ഈ സമയത്ത് ലഭിക്കാറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പൈതൃക പദ്ധതി പൂർത്തീകരിച്ചാൽ വർഷത്തിൽ മൂന്നോ നാലോ തവണ വിവിധ തരം ഫെസ്റ്റുകളും നടത്താൻ കഴിയും. അങ്ങനെയെങ്കിൽ ഇവിടെയുള്ള കച്ചവടക്കാർക്കും അത് ഒരു സഹായകമാകും.

മനാർമുക്കുമുതൽ മുകച്ചേരി ഡിസ്പെൻസറിവരെയുള്ള റോഡ് നവീകരിക്കുകയാണ് ഒന്നാംഘട്ടത്തിൽ ചെയ്യുക. ആറുമീറ്റർ റോഡും ഇരുവശങ്ങളിലുമായി ഓരോമീറ്റർ നടപ്പാതയും നിർമിക്കും. അവിടെ വിളക്കുകാലുകൾ ഉൾപ്പെടെയുള്ളവ സ്ഥാപിച്ച് മനോഹരമാക്കും. ഏഴുമാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനാണ് ആലോചന.

പണി പൂർത്തിയായാൽ വടകരയിലെ സാൻഡ്ബാങ്ക്‌സ് ഉൾപ്പെടെയുള്ള വിനോദസഞ്ചാരമേഖലയെ താഴെഅങ്ങാടിയുമായി ബന്ധപ്പെടുത്താൻ സാധിക്കും. ചുങ്കം ബീച്ച് സൗന്ദര്യവത്‌കരണം നടത്തിയാൽ സഞ്ചാരികളുടെ എണ്ണം കൂടും.പഴയ ഫർണിച്ചർ, ക്ലോക്കുകൾ, ലൈറ്റുകൾ, ഗ്രാമഫോണുകൾ തുടങ്ങി പൈതൃകമൂല്യമുള്ള മറ്റനേകം പുരാതനവസ്തുക്കൾ വിൽക്കുന്ന ആന്റിക് ഷോപ്പുകൾ, പള്ളി, കടൽപ്പാലം, സമീപത്തെ കുളം, മൈതാനം, പഴയ വീടുകൾ, പാണ്ടികശാലകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംരക്ഷിക്കാൻ കഴിയും.

Description: Kothibazar is all set to be the venue for the night of festivities; The tendering process of the project to make Vadakara Nathangadi a heritage city is in the final stage