ഫിസിക്‌സ് പഠിക്കാന്‍ എളുപ്പവഴികളുമായി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിനീത് മാഷ്‌; ടീച്ചിങ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തില്‍ നേടിയെടുത്തത് ഒന്നാം സ്ഥാനം


പേരാമ്പ്ര: സ്‌കൂള്‍ പഠനകാലത്ത് ഫിസിക്‌സും കെമിസ്ട്രിയും പലപ്പോഴും നമ്മളെ ചിലരെയെങ്കിലും വലച്ചിട്ടുണ്ട്. പലതും മനസിലാക്കി പഠിക്കുന്നതിന് പകരം മനപ്പാഠമാക്കിയാണ് പരീക്ഷാഹാളിലേക്ക് പോയിരുന്നത്. എന്നാല്‍ അതില്‍ നിന്നും മാറിയാണ് പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ഇന്ന് ഫിസിക്‌സ് പഠിക്കുന്നത്. മാത്രമല്ല ഫിസിക്‌സ് അവര്‍ക്കിന്ന് ഇഷ്ടമുള്ള, എളുപ്പമുള്ള വിഷയമാണ്. അതിന് പിന്നില്‍ വിനീത് എന്ന അധ്യാപകന്റെ കഠിനാധ്വാനമുണ്ട്.

പഠിക്കാന്‍ വിഷമമുള്ള ഭാഗങ്ങള്‍ മോഡലുകള്‍ വെച്ച് എങ്ങനെ കുട്ടികളെ എളുപ്പത്തില്‍ പഠിപ്പിക്കാം എന്ന ചിന്തയില്‍ നിന്നാണ് വിനീത് മാഷ് ടീച്ചിങ് എയ്ഡിലേക്ക് എത്തുന്നത്. അതൊരു മത്സരഇനമായി മാറിയപ്പോള്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും മാഷ് സ്വന്തമാക്കി. കഴിഞ്ഞ മാസം ആലപ്പുഴയില്‍ വച്ച് നടന്ന കേരള സംസ്ഥാന ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ടീച്ചിങ് എയിഡ് മത്സരത്തിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മാഷ് പങ്കെടുത്തതും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയതും.

ഒമ്പതാം ക്ലാസിലെ ഗുരുത്വാകര്‍ഷണം എന്ന പാഠഭാഗത്തിലെ അപകേന്ദ്രബലവും അഭികേന്ദ്രബലവും ആയിരുന്നു മത്സരത്തിനായി തെരഞ്ഞെടുത്തത്. എത്ര എളുപ്പത്തില്‍ ഈ ഭാഗം കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുമോ അത്രയും ലളിതമായി മനസിലാക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളാണ് മത്സരത്തിനായി നിര്‍മ്മിച്ചത്. മാത്രമല്ല പ്രദേശികമായി ലഭിച്ച, ചിലവ് കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ഇവ നിര്‍മ്മിച്ചത്. ഇക്കാര്യം തന്നെയാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയതും. നീണ്ട പത്ത്‌ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയ്ക്ക് ടീച്ചിങ്ങ് എയിഡ് മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നത്.

”ചോക്കും ബോര്‍ഡും കൊണ്ട് മാത്രം കുട്ടികളെ പഠിപ്പിക്കുന്നതിന് പലപ്പോഴും പരിമിതികള്‍ ഉണ്ട്. ഇതിന് പകരം മോഡലുകള്‍ വെച്ച് എങ്ങനെ കുട്ടികളെ ഒരു കാര്യം പഠിപ്പിക്കാം എന്ന ചിന്തയില്‍ നിന്നാണ് ടീച്ചിങ് എയിഡിലേക്ക് എത്തുന്നത്. പലപ്പോഴും ചിലവ് കുറഞ്ഞ വീടിന് സമീപത്ത് നിന്നും കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് വര്‍ക്കിംഗ് മോഡലുകള്‍ ഉണ്ടാക്കുക. അതുമായി ക്ലാസിലെത്തി പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് പെട്ടെന്ന് കാര്യങ്ങള്‍ മനസിലാകും. മാത്രമല്ല ചിലവ് കുറഞ്ഞ രീതിയായതിനാല്‍ അവര്‍ക്കും വീടുകളില്‍ ഇരുന്ന് ഇത്തരം മോഡലുകള്‍ ഉണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത”യെന്നാണ് മാഷ് പറയുന്നത്‌.

വിവിധ ജില്ലകളില്‍ നിന്നും സീനിയറായിട്ടുള്ള ഒട്ടനവധി അധ്യാപകരാണ് മത്സരത്തില്‍ പങ്കെടുക്കാനായി എത്തുന്നത്‌. വ്യത്യസ്തങ്ങളായ ഐഡിയകളും അനുഭവ സമ്പത്തുമുള്ള അവരുടെ കൂടെ ഇടപഴകുന്നതും സംസാരിക്കുന്നതുമാണ് മത്സരത്തിന് പോകുമ്പോള്‍ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമെന്നാണ് വിനീത് മാഷ് പറയുന്നത്. ബാംഗ്ലൂരില്‍ വച്ച് നടക്കുന്ന ദക്ഷിണേന്ത്യന്‍ തല മത്സരത്തിനായുള്ള ഒരുക്കത്തിലാണ് മാഷും കുട്ടികളും.

അച്ഛന്‍ ശങ്കരന്‍ നാരായണന്റെ പാത പിന്തുടര്‍ന്ന് 2021ലാണ് അധ്യാപകനായി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിനീത് ജോയിന്‍ ചെയ്യുന്നത്. കുടുബത്തിലെ പലരും അധ്യാപകമേഖലയിലുള്ളവരാണ്. അതുകൊണ്ടുതന്നെ പഠനകാലത്ത് തന്നെ അധ്യാപനം തന്നെയായിരുന്നു വിനീത് മാഷിന്റെ സ്വപ്‌നവും. അമ്മ ശ്രീജയും ഭാര്യയും ശ്രുതിയും എല്ലാവിധ സപ്പോര്‍ട്ടുമായി വിനീത് മാഷിനൊപ്പമുണ്ട്. മിഴി മാന്‍വിയാണ് ഏക മകള്‍.

Description: The teacher of Perampra Higher Secondary School won first place in the teaching aid competition