മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂളിലെ നീന്തൽക്കുളം അക്വാറ്റിക് സെന്ററായി ഉയർത്തും; സ്കൂൾ യു.പി വിഭാഗം കെട്ടിടോദ്ഘാടന വേദിയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്


വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂള്‍ നീന്തൽക്കുളം കുറ്റ്യാടി മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്തുന്ന രീതിയിൽ ഒരു അക്വാറ്റിക് സെൻ്ററായി ഉയർത്തുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ മൂന്ന് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച യു.പി വിഭാഗത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് പ്രായക്കാർക്കും ചെയ്യാവുന്ന ഒരു വ്യായാമമാണ് നീന്തൽ. വിദേശരാജ്യങ്ങളിൽ വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസത്തിൽ നീന്തലിന് ഉള്ളത്. പ്രത്യേകിച്ചും വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നീന്തലിന് വലിയ പ്രാധാന്യമാണ് ഉള്ളത്. അതിനാൽ കുറ്റ്യാടി മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നീന്തൽ പഠിക്കാൻ കഴിയുന്ന രീതിയിൽ ഒരു സ്വിമ്മിങ്ങ് പൂളായി ഒരു അക്വാറ്റിക് സെൻ്ററായി മേമുണ്ട സ്കൂൾ നീന്തൽ കുളത്തെ ടൂറിസം വകുപ്പ് കുറ്റ്യാടി എംഎൽഎയുടെ നേതൃത്വത്തിൽ മാറ്റിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, റിട്ടയർ ചെയ്യുന്ന അധ്യാപക ജീവനക്കാർക്ക് ഉപഹാര സമർപ്പണവും നടത്തി. എല്ലാവരും മികവിലേക്ക് ‘റീഡ് ആർട്ട്’ എന്ന മേമുണ്ട സ്കൂൾ വ്യത്യസ്തമാർന്ന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നടത്തി.

മാനേജർ എം.നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെട്ടിടം നിർമ്മിച്ച യു.എല്‍.സി.സി.എസിന്‌ ഉപഹാര സമർപ്പണം മന്ത്രി നടത്തി. ചടങ്ങിൽ മേമുണ്ട സ്കൂളിൻ്റെ കുടിവെള്ള പദ്ധതിക്കായി ബാങ്ക് ഓഫ് ബറോഡ നൽകുന്ന 3 ലക്ഷം രൂപയുടെ ചെക്ക് ഡെപ്യൂട്ടി റീജിയണൽ മാനേജർ ബി.സുരേഷ് ബാബുവും, വടകര ബ്രാഞ്ച് മാനേജർ ഐശ്വര്യയും ചേർന്ന് സ്കൂൾ അധികൃതർക്ക് കൈമാറി. മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബി ബീന റിപ്പോർട്ട് അവതരിപ്പിച്ചു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലീന, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള, വാർഡ് മെമ്പർ കെ.കെ സിമി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സുബീഷ്, പഞ്ചായത്തംഗം എൻ.ബി പ്രകാശൻ മാസ്റ്റർ, തോടന്നൂർ എഇഒ എം.വിനോദ്, പിടിഎ പ്രസിഡണ്ട് ഡോ: എം.വി തോമസ്, ഹെഡ്മാസ്റ്റർ പി.കെ ജിതേഷ്, വി.എം സുരേന്ദ്രൻ, ആർ ബാലറാം, പി.പി പ്രഭാകരൻ മാസ്റ്റർ, ഇ നാരായണൻ, ടി.പി ഗോപാലൻ മാസ്റ്റർ, വിനോദ് ചെറിയത്ത്, പി പ്രശാന്ത് കുമാർ, മച്ചിൽ മജീദ്, പി.പി മുരളി, ടി മോഹൻദാസ്, ടി.പി രജുലാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ.നിധിൻ നന്ദി പറഞ്ഞു. ചടങ്ങിൽ പ്രതിഭകളായ വിദ്യാർത്ഥികൾക്ക് സമാനദാനവും നടത്തി. വൈകുന്നേരം നടന്ന പ്രതിഭാസംഗമം പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.

Description: The swimming pool at Memunda School will be upgraded to an aquatic center; P.A. Muhammad Riyaz