തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യം; പേവിഷ വാക്‌സീന്റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കണം, ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും
പേരാമ്പ്ര: പേരാമ്പ്രയും സമീപ പ്രദേശങ്ങളും ഉള്‍പ്പെടെ തെരുവു നായ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. നിരവധപ്പേര്‍ക്കാണ് ദിവസവും തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. തെരുവു നായയുടെ ആക്രമണത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ തെരുവ് നായ ശല്യം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
പേവിഷ വാക്‌സീന്റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് മലയാളിയായ സാബു സ്റ്റീഫന്‍ ഹര്‍ജി സമര്‍പ്പിച്ചത്. നായയുടെ കടിയേറ്റവര്‍ക്ക് പേവിഷ വാക്‌സിന്‍ സ്വീകരിച്ച ശേഷവും ഗുരുതര പ്രശ്‌നങ്ങളുണ്ടായത് സാബു സ്റ്റീഫന്റെ അഭിഭാഷകനായ വി.കെ ബിജു പരാമര്‍ശിച്ചതിന് പിന്നാലെയാണ് നേരത്തെ കോടതിക്ക് മുന്നിലുണ്ടായിരുന്ന ഹര്‍ജി ഉടന്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.
കേരളത്തില്‍ 5വര്‍ഷത്തിനിടെ പത്ത് ലക്ഷം തെരുവു നായ ആക്രമണങ്ങളുണ്ടായതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തെരുവു നായ വിഷയത്തില്‍ പഠനം നടത്താന്‍ നിയോഗിച്ച ജസ്റ്റിസ് സിരി ജഗന്‍ കമ്മീഷനില്‍ നിന്നും റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്
അതിനിടെ വാക്‌സിന്‍ ഫലപ്രദമല്ലയോ എന്നതടക്കം വിവിധ കാരണങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ തീരുമാനം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നായ അടക്കമുളള മൃഗങ്ങളുടെ കടിയേറ്റ് ചികിത്സ തേടി എത്തിയത് പന്ത്രണ്ടായിരത്തിലേറെ പേര്‍ എന്ന് ആശുപത്രി അധികൃതര്‍ തന്നെ പറയുന്നു . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ആണ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പഠനത്തിന് ഒരുങ്ങുന്നത്.
summary: the supreme court will consider the petition citing stray dogs attack in kerala