ബഫര്‍സോണ്‍ വിഷയം, ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും; വിധിയില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ വാദം കേള്‍ക്കും


ഡല്‍ഹി: ബഫര്‍സോണുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ബഫര്‍സോണ്‍ നിശ്ചയിച്ച കോടതി വിധിയില്‍ ഇളവ് വേണമെന്നതാണ് കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആവശ്യം. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഹര്‍ജിയില്‍ ചക്കിട്ടപ്പാറ പഞ്ചായത്തും കക്ഷി ചേര്‍ന്നിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള വിധി, കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതികെട്ടാന്‍ ചോലയുടെ കാര്യത്തില്‍ അന്തിമ വിജ്ഞാപനവും മറ്റുള്ളവയില്‍ കരട് വിജ്ഞാപനവുമാണ് നിലനില്‍ക്കുന്നത്.

ജൂണിലെ വിധി പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ്. അതുകൊണ്ടു തന്നെ രണ്ടംഗ ബെഞ്ചിന് വിധിയില്‍ മാറ്റം വരുത്താനാകുമോ എന്നും ഇന്ന് പരിശോധിക്കും.

summary: the supreme court will consider the kerala buffer zone plea today