വിവാദങ്ങൾക്കിടയിൽ നാദാപുരം താലൂക്കാശുപത്രി നാഥനില്ലാ കളരിയാകുന്നു; സൂപ്രണ്ട് നീണ്ട അവധിയിൽ പ്രവേശിച്ചു, ആശുപത്രി പ്രവർത്തനം താളം തെറ്റിയ നിലയിൽ
നാദാപുരം: നാദാപുരം താലൂക്കാശുപത്രി പ്രവർത്തനം താളം തെറ്റിയനിലയിൽ. ആശുപത്രി സൂപ്രണ്ട് നീണ്ട അവധിയിൽ പ്രവേശിച്ചു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലെത്തി നിൽക്കാൻ കാരണമായത്.
ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെയും നഴ്സിങ് അസിസ്റ്റൻറുമാരുടെയും നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതേതുടർന്ന് സ്പെഷാലിറ്റി ചികിത്സകൾ ലഭിക്കാത്തതിനാൽ രോഗികൾ അധികവും സ്വകാര്യ ആശുപത്രികളെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ ആവശ്യമായ ഡോക്ടറില്ലാത്തതിനാൽ അത്യാഹിത രോഗികളെയെല്ലാം മറ്റാശുപത്രികളിലേക്ക് പറഞ്ഞുവിടലാണ് പതിവ്. ഒ.പിയിലും പനി ക്ലിനിക്കിലും മാത്രം ലഭിച്ചിരുന്ന സേവനം പുതിയ വിവാദത്തോടെ പൂർണമായും നിലക്കുന്ന സ്ഥിതിയാണ്. നേരത്തേ രാത്രി ഏഴുവരെ പ്രവർത്തിച്ചിരുന്ന ലാബുകളും എക്സറേ യൂനിറ്റും വൈകീട്ട് അഞ്ചിന് തന്നെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനാൽ ഭീമമായ തുക നൽകി രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.
ഈ മാസം ഒമ്പതിന് ആശുപത്രിയിൽ പുതിയ സെക്യൂരിറ്റിക്കാരെ നിയമിക്കാനുള്ള അഭിമുഖം നടന്നിരുന്നു. എന്നാൽ, ലിസ്റ്റിലുള്ളവരെ നിയമിക്കാതെ നേരത്തേ ജോലി ചെയ്ത ജീവനക്കാരനെ രണ്ടുദിവസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോലിക്ക് അയക്കുകയാണെന്ന ആരോപണമാണ് ആശുപത്രിയുടെ പ്രവർത്തനത്തിലെ താളപ്പിഴകൾക്ക് തുടക്കമായത്.
ആരോഗ്യവകുപ്പിൻറെ പുതിയ സർക്കുലർ പ്രകാരം വിമുക്തഭടന്മാർ അല്ലാത്തവരെ ജോലിക്ക് നിയമിക്കാൻ കഴിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. സൂപ്രണ്ടിൻറെ അനുമതിയില്ലാതെ ആശുപത്രിയിലെത്തിയ സെക്യൂരിറ്റിക്കാരനെ ജോലിയിൽ പ്രവേശിക്കുന്നത് ജീവനക്കാർ എതിർത്തതോടെ ആശുപത്രിയിൽ സംഘർഷം ഉടലെടുത്തു. ആശുപത്രിയിൽ എത്തിയ ബ്ലോക്ക് പ്രസിഡൻറും എച്ച്.എം.സി അംഗങ്ങളും നഴ്സിങ് സൂപ്രണ്ട് അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയെന്ന ജീവനക്കാരുടെ പരാതിയിൽ പ്രസിഡൻറടക്കമുള്ളവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുകയാണ്.