”ആദ്യം ബബീഷ് കിണറ്റിലേക്ക് ചാടി, പിന്നാലെ രാജേട്ടനും ലക്ഷ്മണേട്ടനും”; കിണറ്റില്‍ വീണ സിനാനെ രക്ഷപ്പെടുത്തിയ കഥ ദൃക്സാക്ഷി അനൂപ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുന്നു
”ചെറിയോന് വെള്ളം കോരാന്‍ പോയതായിരുന്നു, അയിന്റടേല്‍ വെള്ളത്തില്‍ പാമ്പിനപ്പോലെ എന്തിനെയോ കണ്ട് കിണറ്റിലേക്ക് ഏന്തി നോക്കിയതാ. അന്നേരാണ് കാലുപൊന്തി വീണത്. 18 കോലിന്റെടത്ത് ആഴമുള്ള കിണറാ…….ബബീഷ് അന്നേരം കിണറ്റിലേക്ക് എടുത്ത് ചാടിയില്ലായിരുന്നെങ്കില്‍! ഇന്നലെ കണ്ണമ്പത്ത് കിണറ്റില്‍ വീണ സിനാന് എന്ന കുട്ടിയെ അയല്‍ക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയ കഥ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുമ്പോള്‍ നാട്ടുകാരനായ അനൂപിന് ഇപ്പോഴും ശബ്ദമിടറുന്നുണ്ട്.
ഇന്നലെ വൈകുന്നേരം 4മണിക്കായിരുന്നു കറുത്തേടത്ത് മീത്തൽ നിസാറിന്റെ മകൻ സിനാൻ വെള്ളം കോരുന്നതിനിടയില്‍ കിണറ്റിൽ വീണത്. സംഭവസ്ഥലത്തുണ്ടായിരുന്ന അരിക്കുളം കണ്ണമ്പത്ത് സ്വദേശി അനൂപ് സി.എം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ബബീഷും ലക്ഷ്മണേട്ടനും രാജനും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ആളുകള്‍ അറിഞ്ഞത്.

അനൂപിന്റെ വാക്കുകള്‍;
”ചെറിയോന് വെള്ളം കോരാന്‍ പോയതായിരുന്നു, അയിന്റടേല്‍ വെള്ളത്തില്‍ പാമ്പിനപ്പോലെ എന്തിനെയോ കണ്ട് കിണറ്റിലേക്ക് ഏന്തി നോക്കിയതാ. അന്നേരാണ് കാലുപൊന്തി വീണത്. വീടിന്റെ അടുത്ത് വിവാഹ നിശ്ചയം നടക്കുന്നതിനാല്‍ കുട്ടി കിണിറ്റിലേക്ക് വീണത് പെട്ടെന്നാരും അറിഞ്ഞില്ല. കിണിറ്റില്‍ വീണയുടനെ സിനാന് ധൈര്യം സംഭരിച്ച് മോട്ടോറിന്റെ കയറില്‍ പിടിച്ചു തൂങ്ങി നിലവിളിച്ചു.
സിനാന്റെ ശബ്ദം കേട്ട് ഓടിയെത്തിയ അടുത്ത വീട്ടിലെ കുട്ടികളാണ് അപകട വിവരം ആദ്യം അറിയുന്നത്. അപ്പോഴേക്കും സ്ത്രീകളൊക്കെ ഓടിവന്നു. സിനാനെ കിണറ്റില്‍ കണ്ടതോടെ സ്ത്രീകളെല്ലാം എന്തുചെയ്യണമെന്നറിയാതെ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. ഈ ശബ്ദം കേട്ടാണ് അടുത്ത വീട്ടിലെ ബബീഷ് ഓടിയെത്തിയത്. സിനാന് കരയുന്നത് കേട്ടപാടെ മറുത്തൊന്നും ആലോചിക്കാതെ ബബീഷ് കിണറ്റിലേക്ക് ഇറങ്ങി. ഉടന്‍ തന്നെ ബബീഷ് സിനാനെ കയറു കൊണ്ട് കെട്ടി താങ്ങി നിര്‍ത്തി.
ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് ഓടിയെത്തിയ ലക്ഷ്മണേട്ടനും രാജേട്ടനും കൂടി കിണറ്റിലേക്ക് ഇറങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമായി. രണ്ടു പേരും ചേര്‍ന്ന് കുട്ടിയെ മുകളിലെത്തിച്ചു. എന്നാല്‍ സിനാന് മുകളില്‍ എത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് സഹായികളായെത്തിയവര് ബബീഷിനെയയും ലക്ഷ്ണനെയും ശ്രദ്ധിച്ചില്ല. കയറില്‍ നിന്നും ബബീഷ് നേരെ മലര്‍ന്നടിച്ച് കിണറ്റിലേക്ക് തന്നെ വീണു. വീഴ്ചയില്‍ പടവില്‍ തട്ടി ബബീഷിന്റെ കാലിനെ ചെറിയ പൊട്ടലുണ്ട്. പിന്നീട് ഇരുവരും കിണറ്റില്‍ നിന്നും മെല്ലെ കേറിവരുകയായിരുന്നു.
ലക്ഷ്മണനും രാജനും കിണറുപ്പണിക്കാരാണ്. കിണറ്റിലേക്ക് ഊര്ന്നിറങ്ങിയതിനാല് ലക്ഷ്ണന്റെ കൈയിലെ തോല് പോയിട്ടുണ്ട്. വേറെ കാര്യമായ പരിക്കുകളൊന്നുമില്ല. വയറിംഗ് പണിക്കാരനാണ് ബബീഷ്. സി.പി.എം കണ്ണമ്പത്ത് ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായ ബബീഷ് നാട്ടിലെ എല്ലാ പ്രശ്നങ്ങള്‍ക്കും മുമ്പില്‍ തന്നെയുണ്ടാകും.