തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി, ശാരീരികമായി ഉപദ്രവിച്ചു; താമരശ്ശേരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്


താമരശ്ശേരി: താമരശ്ശേരി സ്വദേശിയായ പ്രവാസി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തില്‍ ഷാഫിയുടെ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് മുഹമ്മദ് ഷാഫിയുടെ മൊഴിയില്‍ പറയുന്നത്.

ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവര്‍ ശരീരികമായി ഉപദ്രവിച്ചതായും ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ സഹോദരനെതിരെ പറയിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഷാഫിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തിയത്. കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ബന്ധമുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ഷാഫിയെ കടത്തിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഷാഫിയെ കാണാതായിട്ട് പത്ത് ദിവസത്തിനു ശേഷം ഇന്നലെ ഉച്ചയോടെയാണ് ഇയാള്‍ തിരികെയെത്തിയത്. സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത കാസര്‍കോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.