കോഴിക്കോട്ടെ കലോത്സവ വിവരങ്ങളറിയാന്‍ ‘ഉത്സവം’ മൊബൈല്‍ ആപ്; കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്


കോഴിക്കോട്: ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈടെക് ആകുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ഇതിനാവശ്യമായ സംവിധാനം ഒരുക്കുന്നത്. കലോത്സവ വിവരങ്ങളറിയാനുള്ള ‘ഉത്സവം’ മൊബൈല്‍ ആപ് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു.

‘ഉത്സവം’ മൊബൈല്‍ ആപ്ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് http://’KITE Ulsavam ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരഫലങ്ങള്‍ക്ക് പുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും എത്താനുള്ള മാപ്പും മത്സരങ്ങളുടെ സമയ ക്രമവും ഉള്‍പ്പെടെയുള്ള വിവരങ്ങളും മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനം വരെയും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കിയിട്ടുണ്ട്. http://www.ulsavam.kite.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭിക്കും. മത്സരാര്‍ത്ഥികളുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് വിതരണം ചെയ്യുന്നത് മുതല്‍ ലോവര്‍ – ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ വരെ ഈ സൈറ്റ് വഴിയായിരിക്കും നടപ്പാക്കുക.

കൂടാതെ വിവിധ രചനാ മത്സരങ്ങള്‍ ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂള്‍ വിക്കിയില്‍ http://www.schoolwiki.in ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ വേദികളില്‍ നടക്കുന്ന ഇനങ്ങള്‍ കൈറ്റ് വിക്ടേഴ്‌സിലും കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും തത്സമയം കാണാനും സാധിക്കുന്നതാണ്. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് കോഴിക്കോട് വെച്ച് 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടക്കുന്നത്.