പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ആറുവരിപ്പാത തുറന്നു; ഇരുവശത്തേക്കും കടക്കാനാവാതെ പ്രദേശവാസികള്‍, ബദൽസംവിധാനം ഒരുക്കാതെ റോഡ് തുറന്നുകൊടുത്തതില്‍ പ്രതിഷേധം ശക്തം


വടകര: പാലോളിപ്പാലം മുതല്‍ മൂരാട് വരെയുള്ള 2.1 കിലോമീറ്റര്‍ ആറുവരിപ്പാത ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഇരുവശത്തേക്കും കടക്കാന്‍ സാധിക്കാതെ പ്രദേശവാസികള്‍. റോഡ് മുറിച്ചു കടക്കാനും വഴിയില്ലാതായോടെ പ്രദേശത്ത് മേല്‍നടപ്പാലം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

നിര്‍മാണം പൂര്‍ത്തായിയ 2.1 കിലോമീറ്റര്‍ ദൂരത്തില്‍ എവിടെയും റോഡ് മുറിച്ചു കടക്കാന്‍ സാധിക്കില്ല. ഇതോടെ പാലോളിപ്പാലം, അരവിന്ദ്‌ഘോഷ് റോഡ്, പാലയാട് നട പ്രദേശങ്ങളിലെ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. മേപ്പയില്‍, ജനതാറോഡ്, കുട്ടോത്ത് വഴിയാണ് അരവിന്ദ്‌ഘോഷ് റോഡിലെ പ്രദേശവാസികള്‍ ഇപ്പോള്‍ മെയിന്‍ റോഡിലേക്ക് എത്തുന്നത്. 10 മിനുട്ടുകൊണ്ട് മെയിന്‍ റോഡിലെത്താവുന്നിടത്താണ് 15 മിനിറ്റിലധികം സഞ്ചരിച്ചാണ്‌ ആളുകള്‍ മെയിന്‍ റോഡിലേക്ക് എത്തുന്നത്.

സ്‌ക്കൂള്‍, ഓഫീസ് എന്നിവിടങ്ങളിലേക്ക്‌ ദിനംപ്രതി യാത്ര നടത്തുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പഴയ ചീനംവീട് യുപി സ്‌ക്കൂള്‍ പരിസരം, അല്ലെങ്കില്‍ മൂരാട് പാലത്തിന് സമീപം എന്നിവയാണ് റോഡ് മുറിച്ച കടക്കാനുള്ള നിലവിലെ മാര്‍ഗങ്ങള്‍. ഇത് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ആറുവരിപ്പാത തുറന്നശേഷം കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പാലോളിപ്പാലം, അരവിന്ദ്‌ഘോഷ് റോഡ്, പാലയാട്, മൂരാട് ബ്രദേഴ്‌സ് എന്നിവിടങ്ങളിലെല്ലാം ഡിവൈഡറില്‍ ഒഴിവിട്ടിരുന്നു. മാത്രമല്ല അരവിന്ദ്‌ഘോഷ് റോഡില്‍ വാഹനങ്ങള്‍ക്ക് സര്‍വ്വീസ് റോഡിലേക്ക് കടക്കാന്‍ വഴിയും വെച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഇവിടെ കാല്‍നടയാത്രക്കാരന്‍ പോലീസ് ബസ് തട്ടി മരിച്ചതോടെ എല്ലാ വഴികളും അടച്ചു. വാഹനങ്ങള്‍ ചീറിപ്പായുന്ന ആറുവരിപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കാന്‍ പ്രദേശവാസികള്‍ക്കും ഇപ്പോള്‍ പേടിയാണ്. എന്നാല്‍ ബദല്‍ സംവിധാനം ഒരുക്കാതെ റോഡ് തുറന്നുകൊടുത്തത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

പാലോളിപ്പാലത്ത് വടകര താലൂക്ക് ഗവ.ആയൂര്‍വേദ ആശുപത്രി, കാലിക്കറ്റ് സര്‍വകലാശാല പഠനകേന്ദ്രം, ചീനംവീട് യുപി സ്‌ക്കൂള്‍, ചെട്യാത്ത് യുപി സ്‌ക്കൂള്‍, ജെഎന്‍എം ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്. മാത്രമല്ല അമ്പലങ്ങളും പള്ളികളും നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ഇവിടേക്കെല്ലാം ദിനംപ്രതി നൂറ്കണക്കിന് പേരാണ് എത്തുന്നത്‌. എന്നാല്‍ ആറുവരിപ്പാത മുറിച്ചു കടക്കാന്‍ ആവാത്തതിനാല്‍ ചുറ്റിവളഞ്ഞാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.

ആറുവരിപ്പാതയുടെ നിര്‍മ്മാണ സമയത്ത് പാലോളിപ്പാലത്തിന് സമീപം അടിപ്പാതയും പാലയാട് നടയില്‍ മേല്‍നടപ്പാലവും നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടന്നിരുന്നു. എന്നാല്‍ ഇവ രണ്ടും യാഥാര്‍ത്ഥ്യമായിട്ടില്ല. പാലയാട് നടയിലും, പാലോളിപ്പാലത്തും മേല്‍നടപ്പാലങ്ങള്‍ വേണമെന്നാണ്‌ പ്രദേശവാസികളുടെ പ്രധാന ആവശ്യം.

Description: The six-lane road from Palolipalam to Murad was opened; unable to cross both sides