ഇനി കുറച്ച് കടുപ്പമാകും; എഴുത്തുപരീക്ഷയിൽ 10% മാർക്ക് നേടുന്നവരും എസ്എസ്എൽസി പരീക്ഷ ജയിക്കുന്ന സ്ഥിതി മാറുന്നു
തിരുവനന്തപുരം: 2026–27 മുതൽ എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടിയാൽ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ. തുടർമൂല്യനിർണയത്തിന്റെ പേരിൽ കിട്ടുന്ന 20% മാർക്കിനുപുറമേ എഴുത്തുപരീക്ഷയിൽ 10% മാർക്ക് മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതിക്ക് അതോടെ അവസാനമാകും. പത്താം ക്ലാസിൽ മോഡൽ പരീക്ഷയിൽ 30% മാർക്ക് നേടാനാകാത്തവർക്കായി എസ്എസ്എൽസി പരീക്ഷയ്ക്കു മുൻപ് സ്പെഷൽ ക്ലാസുകൾ നടത്താനാണു തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ നടപ്പാക്കിയ മിനിമം മാർക്ക് സമ്പ്രദായം 2025-26 മുതൽ 5,6,7 ക്ലാസുകളിലും നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എട്ടാം ക്ലാസ്സിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നു മന്ത്രി അറിയിച്ചു.

വാർഷിക എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാനാകാത്തവർക്കു പുനഃപരീക്ഷ നടത്തും. 30% മാർക്ക് നേടാത്തവർക്കും ഒൻപതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല. എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്ത് സ്പെഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകി വീണ്ടും പരീക്ഷ എഴുതിക്കും. 30% മാർക്കില്ലാത്ത വിഷയത്തിൽ മാത്രമാകും പുനഃപരീക്ഷ. എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഇപ്പോൾ സ്കൂളുകളിൽ ഇത്തരത്തിൽ ക്ലാസ് നടക്കുകയാണ്. ഈ മാസം 25 മുതൽ 28 വരെയാണു പുനഃപരീക്ഷ.