അഴിയൂരിലും സൈറൺ മുഴങ്ങും, പരിഭ്രാന്തരാകേണ്ട; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘കവചം’ മുന്നറിയിപ്പ് സംവിധാനം ഉദ്ഘാടനം നാളെ
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘കവചം’ (കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ് മാനേജ്മെന്റ് സിസ്റ്റം) പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം നാളെ വൈകീട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഇതിൻറെ ഭാഗമായി അഴിയൂരിൽ രണ്ട് സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. പതിനെട്ടാം വാർഡിൽ അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിലും, ഒമ്പതാം വാർഡിൽ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലുമാണ് സൈറൺ സംവിധാനം ഒരുക്കിയിട്ടുള്ളത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്. ഉദ്ഘാടനത്തിന്റെ ഭാഗമായി നാളെ വൈകിട്ട് സൈറൺ മുഴങ്ങുന്നതാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ അറിയിച്ചു. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്സ് ക്രൈസിസ് ആന്റ് ഹസാർഡ്സ് മാനേജ്മെന്റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്.
126 സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ബൃഹത്തായ ഡാറ്റാ സെന്റർ എന്നിവ അടങ്ങുന്ന ഈ സംവിധാനമാണ് നാളെ നാടിന് സമർപ്പിക്കുന്നത്. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതുസമൂഹത്തിൽ എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ, സ്ഥല അധിഷ്ഠിത എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ആണ് സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖല സ്ഥാപിച്ചിട്ടുള്ളത്. ഇവയിലൂടെ സംസ്ഥാന, ജില്ലാ ഇഒസികളിൽ നിന്നും അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് അറിയിപ്പ് സന്ദേശങ്ങളും സയറൺ വിസിൽ സന്ദേശങ്ങളുമായി നൽകും.