പഴക്കടയിലേക്ക് ലോഡ് സ്വയം ഇറക്കി; നരിക്കുനിയില്‍ കട ഉടമയെ ചുമട്ടു തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി


നരിക്കുനി: നരിക്കുനിയില്‍ സ്വയം ലോഡിറക്കിയതിന്റെ പേരില്‍ പഴക്കട ഉടമയെ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നരിക്കുനി സ്വദേശി സദഖത്തുള്ളയ്ക്കാണ് പരിക്കുപറ്റിയത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

സ്വന്തമായി ലോഡിറക്കിയാല്‍ ഇനിയും ആക്രമിക്കുമെന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായും സദഖത്തുള്ള പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ കടയില്‍ ലോഡിറക്കുന്നതിനിടയില്‍ സി.ഐ.ടി യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനകളില്‍പ്പെട്ട ചുമട്ടു തൊഴിലാളികള്‍ ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്വയം ലോഡിറക്കുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്നും സദഖത്തുള്ള പറഞ്ഞു.

തൊഴിലാളികള്‍ കടയുടെ സമീപമുള്ളപ്പോള്‍ അവരെ തന്നെയാണ് ചുമടിറക്കാന്‍ ഏല്‍പ്പിക്കാറുള്ളത്. തിങ്കളാഴ്ച ഉച്ച സമയത്ത് ലോഡുമായെത്തിയപ്പോള്‍ തൊഴിലാളികളെ കാണാത്തതിനാല്‍ സ്വയം ചുമടിറക്കുകയായിരുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ തൊഴിലാളികളാണ് അക്രമിച്ചതെന്നും സദഖത്തുള്ള പറഞ്ഞു. അതേസമയം തൊഴില്‍ നല്‍കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സദഖത്തുള്ള തൊഴിലാളികളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് തൊഴിലാളി സംഘടനകളുടെ വിശദീകരണം. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കൊടുവള്ളി പൊലീസ് അറിയിച്ചു.