‘രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുക്കുക’; എസ്.എഫ്.ഐ വടകര ഏരിയാ സമ്മേളനം
വടകര: എസ്.എഫ്.ഐ വടകര ഏരിയ സമ്മേളനം എസ്.എഫ്.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പറുമായ അരവിന്ദ് സ്വാമി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രോഹിത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി അമൽരാജ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അശ്വന്ത് ചന്ദ്ര, നിഹാൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
ധീരജ് നഗറിൽ (കേളു ഏട്ടന്‍ സ്മാരക മന്ദിരം) ചേർന്ന സമ്മേളനത്തില്‍ കെ.സി പവിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് അനഘ് രാജ് അധ്യക്ഷത വഹിച്ചു. സമ്മേളനം സെക്രട്ടറിയായി അനഘ് രാജിനെയും പ്രസിഡണ്ടായി കെ.ടി സപന്യയെയും തിരഞ്ഞെടുത്തു. ബാലസംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്നു സപന്യ. എസ്.എഫ്.ഐ വടകര ഏരിയാ കമ്മിറ്റി മുന്‍ പ്രസിഡണ്ടായിരുന്നു അനഘ് രാജ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വളരുന്ന അരാഷ്ട്രീയതയെ പ്രതിരോധിക്കുക, രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുക്കുക എന്നിവയായിരുന്നു സമ്മേളന പ്രമേയങ്ങള്‍. 2014ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയതു മുതൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം കാവിവൽക്കരിക്കുകയാണ്. എംഎഎന്‍എഫ് നിർത്തലാക്കിയും എസ്.സി എസ്.ടി ഫെല്ലോഷിപ്പ് ഗ്രാൻ്റ് വെട്ടിക്കുറച്ചും അടിസ്ഥാന ശാസ്ത്ര ഗവേഷണ പദ്ധതികൾ വെട്ടിയും ഉന്നത വിദ്യാഭ്യാസമേഖലയിൽ സംഘപരിവാറിൻ്റെ കാവി അജണ്ട നടപ്പിലാക്കുന്നു. വിദ്യാഭ്യാസ മേഖലയെ നൂറ്റാണ്ടുകൾ പുറകോട്ടടിപ്പിക്കും വിധം പഞ്ച ഗവ്യത്തിൽ നിന്നും മുരുന്നു നിർമാണം ഗോമൂത്രത്തിൽ നിന്ന് ബാറ്ററി നിർമാണം പോലുള്ള കപട ശാസ്ത്ര നിർമിതികൾക്കു വേണ്ടി വലിയ ഗവേഷണ പദ്ധതികൾ അവതരിപ്പിക്കുകയാണെന്ന് സമ്മേളനം പ്രമേയത്തിലൂടെ അവതരിപ്പിച്ചു.
കൂടാതെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിൽ നിന്ന് മുഗൾ ഭരണം, പിരിയോഡിക് ടേബിൾ, പരിണാമ സിദ്ധാന്തം തുടങ്ങിയ പാഠഭാഗങ്ങൾ ബിജെപി അനുകൂല താൽപര്യങ്ങൾക്കു വേണ്ടി വെട്ടി മാറ്റപ്പെട്ടു. ഒടുവിലായി സർവ്വകലാശാല വിസിമാർക്ക് അക്കാദമിക യോഗ്യത വേണ്ട എന്നതുൾപ്പെടെയുള്ള ഭേദഗതികൾ യുജിസി ചട്ടക്കരടിൽ കൊണ്ടുവന്നത് ആര്‍എസ്എസുകാരായ വിസിമാരെ തിരുകിക്കയറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. ഇത്തരത്തിൽ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സർക്കാർ വിദ്യഭ്യാസ മേഖലയിൽ നടത്തുന്ന കാവിവൽക്കരണത്തെ വിദ്യാർത്ഥി സമൂഹവും പൊതു സമൂഹവും മുഴുവൻ ശക്തിയും ഉപയോഗിച്ച് ചെറുക്കണമെന്ന് എസ്.എഫ്.ഐ വടകര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Description; The SFI Vadakara Area Conference will conclude