തൊഴിൽത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേരും കൊച്ചിയിലെത്തി; ഇന്ന് വൈകുന്നരത്തോടെ നാട്ടിലേക്ക് തിരിക്കും


വടകര: തൊഴില്‍ തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ വടകര സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് യുവാക്കള്‍ തിരിച്ചെത്തി. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രി 10.45ഓടെയാണ് സംഘം കൊച്ചിയിലെത്തിയത്. ഇന്ന് വൈകിട്ടോടെ ഇവര്‍ നാടുകളിലേക്ക് തിരിക്കും. മലേഷ്യ വഴിയുള്ള വിമാനത്തിലാണ് ഇവരെത്തിയത്.

ഒക്ടോബർ 4നാണ്‌ സുഹൃത്ത് മുഖേന യുവാക്കൾ കംബോഡിയയിൽ എത്തിയത്. തായ്‌ലൻഡിലെ ജോലി വാഗ്ദാനം വിശ്വസിച്ച് യുവാക്കൾ വിമാനം കയറുകയായിരുന്നു. എന്നാൽ കംബോഡിയയിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിലാണ് യുവാക്കളെ എത്തിച്ചത്. ഇവിടെ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിനിടെ ടാക്‌സി ഡ്രൈവറാണ് ഇവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചത്. ഒരു ലക്ഷം രൂപ വീതം വിസയ്ക്കായി ഏഴ് പേരും നല്‍കുകയും ചെയ്തിരുന്നു. യുവാക്കളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ, ഷാഫി പറമ്പില്‍ എംപി, കെ.കെ രമ എംഎല്‍എ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് എംബസി വഴി സംഘം നാട്ടിലേക്ക് തിരിച്ചത്.

അതേസമയം കംബോഡിയയിൽ സൈബർത്തട്ടിപ്പുകാരുടെ സ്ഥാപനത്തിൽ അകപ്പെട്ട പേരാമ്പ്ര കൂത്താളി പനക്കാട് താഴെപുരയിൽ അബിൻ ബാബുവിനെ (25) തട്ടിക്കൊണ്ടുപോയതിന് നാലാളുകളുടെ പേരിൽ പേരാമ്പ്ര പോലീസ് കേസെടുത്തു. തേക്കെമലയിൽ അനുരാഗ്, സെമിൽ എന്നിവരുടെയും കണ്ടാലറിയുന്ന രണ്ടാളുകളുടെയുംപേരിലാണ് അബിൻ ബാബുവിന്റെ പിതാവ് ബാബുവിന്റെ പരാതിയിൽ പേരാമ്പ്ര പോലീസ് കേസെടുത്തത്.

Description: The seven people who were stuck in Cambodia reached Koch